ആലപ്പുഴ : വൃഷ്ടിപ്രദേശങ്ങളിൽ മഴ ശക്തമായി തുടരുന്നതിനാൽ കിഴക്കൻ വെള്ളത്തിന്റെ വരവ് കൂടുകയും കടലിൽ വേലിയേറ്റം ശക്തമാകുകയും ചെയ്‌തോടെ ജില്ല അതീവ ജാഗ്രതയിലായി. വീടിന് സമീപത്തെ പാടത്തെ വെള്ളക്കെട്ടിൽ വീണ് രണ്ട് പേർ മരിച്ചു. ചേർത്തല പള്ളിപ്പുറം പഞ്ചായത്ത് ഒന്നാം വാർഡ് ഇടത്തട്ടിൽ അശോകൻ (65), കായംകുളം പത്തിയൂർ തോട്ടമുറിയിൽ മങ്ങാട്ടുശ്ശേരിൽ ആനന്ദവല്ലിഅമ്മ (58) എന്നിവരാണ് മരിച്ചത്.
കഴിഞ്ഞ ദിവസം കടപുഴകിയ തെങ്ങിനടിയിൽപ്പെട്ട് ബി.ടെക്കുകാരൻ കൊയ്പ്പള്ളി കാരാഴ്മ ചിറയിൽ കുളങ്ങര വീട്ടിൽ ധർമ്മപാലന്റെ മകൻ ഡി.അരവിന്ദ് (30) മരിച്ചിരുന്നു. ഇതോടെ ജില്ലയിൽ മഴക്കെടുതിയിൽ മരണസംഖ്യ മൂന്നായി.
ഇന്നലെ മൂന്ന് വീട് പൂർണമായും 108വീടുകൾ ഭാഗികമായും തകർന്നു. ഇതോടെ ഒരാഴ്ചക്കുള്ളിൽ പൂർണമായി തകർന്ന വീടുകൾ ആറും ഭാഗികമായി തകർന്ന വീടുകൾ 143ഉം ആയി. 50 ദുരിതാശ്വാസ ക്യാമ്പുകളിലായി 1713 കുടുംബങ്ങളിലെ 4892 പേരെ മാറ്റി പാർപ്പിച്ചു. കുട്ടനാട്, അമ്പലപ്പുഴ, കാർത്തികപ്പള്ളി താലൂക്കുകളിലെ താഴ്ന്ന പ്രദേശങ്ങളിലെ 7,000ൽ അധികം വീടുകൾ വെള്ളത്തിലാണ്. മഴശക്തമായി തുടരാനുള്ള സാദ്ധ്യയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് കണക്കിലെടുത്ത് ജില്ലയിൽ സുരക്ഷാ ജാഗ്രതാ നിർദ്ദേശം നൽകി.
ആറുകളിൽ ജലനിരപ്പുയർന്നു
1.പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ അനുഭവപ്പെട്ട ശക്തമായ മഴയെത്തുടർന്ന് പമ്പ, അച്ചൻ കോവിൽ, മണിമല ആറുകളിൽ ജലനിരപ്പ് ഉയർന്നതിനാൽ കുട്ടനാട്, അപ്പർ കുട്ടനാട് മേഖലയിലെ മിക്കപ്രദേശങ്ങളിലും ജലനിരപ്പ് ഉയർന്ന നിലയിലാണ്
2.ഇന്നലെ പുലർച്ചെ മുതൽ ജില്ലയിലെ മിക്കഭാഗങ്ങളിലും ശക്തമായ കാറ്റും മഴയും അനുഭവപ്പെട്ടു. ആലപ്പുഴ നഗരസഭയിലെ ഭൂരിഭാഗം വീടുകളും വെള്ളക്കെട്ടിൽ മുങ്ങി
3.ആലപ്പുഴ ബീച്ച് പുന്നമട വായനശാല, റെയിൽവേസ്റ്റഷൻ ഭാഗവും വെള്ളക്കെട്ടിലാണ്. അമ്പലപ്പുഴ, കാർത്തികപ്പള്ളി, മാവേലിക്കര, ചേർത്തല താലൂക്കുകളിലെ താഴ്ന്ന പ്രദേശങ്ങളാണ് വെള്ളത്തിലായത്
4.ആറാട്ടുപുഴ, തൃക്കുന്നപ്പുഴ, അമ്പലപ്പുഴ, ചേർത്തല പഞ്ചായത്തുകളിലും വടക്കൻ പ്രദേശങ്ങളിലും കടലാക്രമണം രൂക്ഷമാണ്. വെള്ളപ്പൊക്ക ദുരിത ബാധിത മേഖലകളും ദുരിതാശ്വാസ ക്യാമ്പുകളും മന്ത്രി പി.പ്രസാദ് സന്ദർശിച്ചു.
ദുരിതം വിതച്ച് റോഡുകൾ
മഴയിൽ ജില്ലയിലെ ഭൂരിഭാഗം ഗ്രാമീണ റോഡുകളും പുനർനിർമ്മാണം നടക്കുന്ന ദേശീയപാതയും തകർന്ന നിലയിലായി. വെള്ളക്കെട്ട് രൂപപ്പെട്ടതോടെ കാൽനടയാത്രയും വാഹന യാത്രയും ദുരിതമാണ്. കാനകളും തോടുകളും നിറഞ്ഞു കിടക്കുന്നതിനാൽ പുറത്തേക്ക് വെള്ളം ഒഴുകിപ്പോകാൻ മാർഗമില്ലാത്ത അവസ്ഥയാണ്. ആലപ്പുഴ നഗരസഭയിലെ പ്രധാന പാത ഉൾപ്പെടെ മുഴുവൻ റോഡുകളും തോടായി മാറി.
ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ
ആകെ: 50
കുടുംബങ്ങൾ: 1713
ആകെ: 4892 പേർ
(താലൂക്ക് അടിസ്ഥാനത്തിൽ)
അമ്പലപ്പുഴ: 30
കാർത്തികപ്പള്ളി: 6
മാവേലിക്കര : 5
ചേർത്തല: 4
കുട്ടനാട്: 3
ചെങ്ങന്നൂർ: 2
തകർന്ന വീടുകൾ
പൂർണ്ണം: 6
ഭാഗികം: 143