mp-sureshkumar

മാന്നാർ: ആരോഗ്യവകുപ്പിലെ ജോലിക്കൊപ്പം കലാരംഗത്തും ഏറെ പ്രശസ്തനായ മാന്നാർ 17-ാംവാർഡിൽ ഇരമത്തൂർ നിർമാല്യത്തിൽ എം.പി സുരേഷ്‌കുമാർ ഇന്ന് ഔദ്യോഗിക ജീവിതത്തിന്റെ പടിയിറങ്ങും. എൻ.ജി.ഒ യൂണിയന്റെ കലാജാഥകളിലും കലാവേദികളിലും നിറസാന്നിദ്ധ്യമായിരുന്ന സുരേഷ്‌കുമാർ നിരവധി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. നാല് ദേശീയഅവാർഡുകൾ നേടിയ 'ഭയാനകം' എന്ന സിനിമയിലെ ഗോപാലനെയും അന്തർദേശീയ തലത്തിൽ ശ്രദ്ധനേടിയ 'ശവം' എന്ന സിനിമയിലെ മരണവീട്ടിലെ കാര്യസ്ഥനെയും 'കടശീല ബിരിയാണി' എന്ന തമിഴ് ചിത്രത്തിലെ പേടിത്തൊണ്ടനായ പൊലീസുകാരനായും ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തു.

നിരവധി അമച്വർ-പ്രൊഫഷണൽ നാടകങ്ങളിൽ അഭിനയിക്കുകയും രചനയും സംവിധാനവും നിർവ്വഹിക്കുകയും ചെയ്തിട്ടുണ്ട്. ചാക്യാർകൂത്തിലൂടെ കൊവിഡ് ബോധവത്കരണം നടത്തിയും

മാസ്‌ക്കുകൾ തയ്ച്ച് സൗജന്യമായി വിതരണംചെയ്തും തന്റെ സാമൂഹിക പ്രതിബദ്ധത തെളിയിച്ചിട്ടുണ്ട്.

എൻ.ജി.ഒ യൂണിയൻ ജില്ലാകൗൺസിൽ അംഗം, ഏരിയട്രഷറർ, ഏരിയപ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുള്ള സുരേഷ്,​ 2018മുതൽ എഫ്.എസ്.ഇ.ടി.ഒ ചെങ്ങന്നുർ ഏരിയ പ്രസിഡന്റാണ്. മാന്നാർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ പതിനഞ്ച് വർഷക്കാലം ജോലി ചെയ്തിരുന്ന സുരേഷ്‌കുമാർ,​ കരുണ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റി മേഖലാകമ്മിറ്റിയംഗവും വാർഡ് കൺവീനറുമാണ്. ആരോഗ്യമേഖലയിൽ 19 വർഷത്തെ സേവനത്തിന് ശേഷം ചെങ്ങന്നൂർ ജില്ലാആശുപത്രിയിൽ നിന്ന് ലാബ് അസിസ്റ്റന്റ് ആയിട്ടാണ് പടിയിറക്കം. സി.ഡി.എസ് അംഗം അനീഷയാണ് ഭാര്യ. മക്കൾ: ബാലുസുരേഷ്, ബാലസുരേഷ്, പ്രകൃതി എ.സുരേഷ്.

അംഗീകാരങ്ങൾ നിരവധി

ആലപ്പുഴ ജില്ലയിലെ മികച്ച സാമൂഹ്യപ്രവർത്തകനുള്ള 2017ലെ ജെ.സി.ഐ അവാർഡും കലാരംഗത്തെ മികച്ച പ്രവർത്തനത്തിന് 2023ലെ ജനസംസ്കൃതി അവാർഡും ആരോഗ്യരംഗത്തെ പ്രവർത്തന മികവിന് മാന്നാർ എമർജൻസി റെസ്ക്യൂടീമിന്റെ 2020ലെ പുരസ്കാരങ്ങളും സുരേഷിനെ തേടിയെത്തിയിട്ടുണ്ട്.