ആലപ്പുഴ: പൊതുതോട്ടിലേക്ക് കാന നിർമ്മിക്കാതെ നഗരസഭ റോഡ് നിർമ്മിച്ചതിനാൽ മൂന്ന് കുടുംബങ്ങൾ വെള്ളക്കെട്ടിലായി. ഒരാഴ്ചയായി കുട്ടികളും മുതിർന്നവരും ഉൾപ്പെടെയുള്ളവർക്ക് വീടിന് പുറത്തിറങ്ങാനാകാതെ ദുരിതകയത്തിലാണ്. പുന്നമട വാർഡിലെ കൊറ്റംകുളങ്ങര-കോട്ടച്ചിറ റോഡിൽ എൻ.എസ്.എസ് കരയോഗത്തിന് കിഴക്ക് ഭാഗത്തിള്ള മൂന്ന് വീടുകളാണ് നാലുഭാഗവും വെള്ളത്താൽ ചുറ്റപ്പെട്ട നിലയിൽ കിടക്കുന്നത്. രക്ഷാപ്രവർത്തിന് നഗരസഭയുടെയും ഫയർഫോഴ്സിന്റെയും സഹായം തേടിയെങ്കിലും ആരും തിരിഞ്ഞു നോക്കിയില്ലെന്നാണ് കുടുംബാംഗങ്ങളുടെ പരാതി. സമീപത്തെ പറമ്പുകളിൽ നിന്നുള്ള മാലിന്യം കലർന്ന വെള്ളമാണ് വീടിന് ചുറ്റും കെട്ടികിടക്കുന്നത്. കൊറ്റംകുളങ്ങര-കോട്ടച്ചിറ റോഡ് അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നഗരസഭ നിർമ്മിച്ചത്. ഈ ഭാഗത്തെ വെള്ളം ഒഴുകി വേമ്പനാട്ട് കായലിലേക്ക് പോകുന്നതിന് കാനയുണ്ടുയിരുന്നു. കാന അടച്ചാണ് റോഡ് നിർമ്മിച്ചത്. പരാതിക്കൊടുവിൽ വെള്ളം ഒഴുകി പോകാൻ കാനയോ മറ്റ് സംവിധാനമോ ഉണ്ടാക്കിതരണമെന്ന് കൗൺസിറും ചെയർപേഴ്സണും വാക്ക് നൽകിയെങ്കിലും പിന്നീട് ഈ ഭാഗത്തേക്ക് ആരും തിരിഞ്ഞ് നോക്കിയിട്ടില്ല.എലിപ്പനി പോലെയുള്ള പകർച്ച വ്യാധി ഉണ്ടാകാനുള്ള സാദ്ധ്യത കണക്കിലെടുത്ത് മൂന്ന് വീട്ടുകാർ ചേർന്ന് മോട്ടോർ വാടക്കെടുത്ത് പമ്പ് ചെയ്തെങ്കിലും കാര്യമായ തരത്തിൽ വെള്ളം ഒഴുക്കുവാൻ കഴിഞ്ഞിട്ടില്ല. വാർഡ് കൗൺസിലറോട് പരാതിപ്പെട്ടിട്ടും നടപടികൾ സ്വീകരിച്ചില്ലെന്നാണ് കുടുംബാംഗങ്ങളുടെ ആരോപണം.