കായംകുളം: ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് മന്ത്രി പി.പ്രസാദ് പറഞ്ഞു. ആരോഗ്യപരമായ പ്രശ്നങ്ങൾ നേരിടുന്നവർക്ക് പ്രത്യേക ചികിത്സ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ആരോഗ്യ കാര്യങ്ങൾ പരിശോധിക്കുന്നതിനായി ജില്ലാ മെഡിക്കൽ ഓഫീസറെ ചുമതലപ്പെടുത്തിയിട്ടുണ്ടന്നും കായംകുളത്തെ ക്യാമ്പുകൾ സന്ദശിച്ച അദ്ദേഹം പറഞ്ഞു.
മലയൻ കനാലു പോലുള്ള കനാലുകളിൽ വെള്ളം ഒഴിഞ്ഞു പോകാനുള്ള നടപടികൾ ഇറിഗേഷൻ വിഭാഗത്തിന്റെ നേതൃത്വത്തിൻ ആരംഭിച്ചു.അടിയന്തര പ്രാധാന്യമുള്ള വിഷയങ്ങളാണ് ഇപ്പോൾ നടത്തിവരുന്നത്. ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ എല്ലാ ക്യാമ്പുകളെയും ഏകോപിപ്പിച്ചുകൊണ്ടുള്ള പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. ക്യാമ്പുകളിലെല്ലാം ആവശ്യമായ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. വില്ലേജ് ഓഫീസർമാർ കൂടാതെ റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥർക്കും ക്യാമ്പുകളുടെ ചുമതല നൽകിയിട്ടുണ്ട്. പൊലീസ്, എക്സൈസ് തുടങ്ങി സംവിധാനങ്ങളുടെ സേവനവും ക്യാമ്പുകളിലുണ്ടെന്ന് മന്ത്രി പറഞ്ഞു.കൃഷ്ണപുരം ടെക്നിക്കൽ ഹൈസ്കൂൾ, പുള്ളിക്കണക്ക് എൻ.എസ്.എസ് ഹൈസ്കൂൾ എന്നിവിടങ്ങളിലെ ക്യാമ്പുകളാണ് മന്ത്രി സന്ദർശിച്ചത്. ജില്ലാകളക്ടർ അലക്സ് വർഗീസ്, കായംകുളം നഗരസഭാദ്ധ്യക്ഷ പി.ശശികല, തഹസിൽദാർ അജിത്ത് ജോയ്, ഡെപ്യൂട്ടി തഹസിൽദാർ ഉണ്ണികൃഷ്ണൻ മൂസത് എന്നിവർക്കൊപ്പമാണ് മന്ത്രി എത്തിയത്.