ആലപ്പുഴ : മഴ ശക്തമായതോടെ ജില്ലയിൽ പകർച്ചപ്പനിയും പിടിമുറുക്കി. മെഡിക്കൽ കോളേജ് ഉൾപ്പെടെ ജില്ലയിലെ ആശുപത്രികളിൽ ഒരാഴ്ചക്കുള്ളിൽ 25,000ത്തോളം പേർ ചികിത്സ തേടി. മെഡിക്കൽ കോളേജ് ആശുപത്രി ഒ.പിയിൽ ദിവസേന ശരാശരി 2,000 ഉം അത്യാഹിത വിഭാഗത്തിൽ 500 പേരുമാണ് ചികിത്സതേടിയെത്തുന്നത്.

താലൂക്ക്, ജില്ല ആശുപത്രികൾ, പി.എച്ച്.സികൾ, സി.എച്ച്.സികൾ എന്നിവിടങ്ങളിൽ 250 മുതൽ 450 പേരും പ്രതിദിനം എത്തുന്നുണ്ട്. സ്വകാര്യ ആശുപത്രികളിലെത്തുന്നവർ വേറെയും. 20ന് ശേഷം ഇതുവരെ 22 പേർക്ക് ഡെങ്കിയും 17പേർക്ക് എലിപ്പനിയും സ്ഥിരീകരിച്ചു. പനി ബാധിച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തുന്നവരിൽ ദിവസേന 100 പേരെ കിടത്തി ചികിത്സിക്കുന്നുണ്ട്. കടുത്ത തണുപ്പും ശക്തമായ കാറ്റും രോഗവ്യാപനത്തിനുള്ള അനുകൂല സാഹചര്യങ്ങളാണ്. ജലസ്രോതസുകളിലെ ശുചിത്വക്കുറവ് മഞ്ഞപ്പിത്തം, ടൈഫോയ്ഡ്,വയറിളക്കം എന്നീ ജലജന്യ രോഗങ്ങൾക്ക് കാരണമാകാം. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് ഉണ്ടാകാനുള്ള സാഹചര്യം നിലനിൽക്കുന്നതിനാൽ പകർച്ചവ്യാധികൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകി.

സൂക്ഷിക്കണം ഡെങ്കിപ്പനി

 ഡെങ്കിപ്പനി ലക്ഷങ്ങൾ കണ്ടാൽ അപ്പോൾ തന്നെ ചികിത്സ തേടണം

 പനി, കഠിനമായ ദേഹവേദന, തലവേദന കണ്ണിന് പുറകിൽ വേദന, സന്ധിവേദന എന്നിവ ലക്ഷണങ്ങൾ

 ഛർദ്ദി ,വയറുവേദന, കറുത്തമലം, ശ്വാസംമുട്ട് , ശരീരംചുവന്നു തടിക്കുക, കഠിനമായ ക്ഷീണം എന്നിവയും ശ്രദ്ധിക്കണം

പനിബാധിതർ

വൈറൽപ്പനി : 60,000

ഡെങ്കിപ്പനി: 88

എലിപ്പനി: 62

മഞ്ഞപ്പിത്തം: 35

എച്ച് വൺ, എൻ വൺ : 20

പ്രതിദിന പനിക്ക് ചികിത്സ തേടുന്നവർ

മെഡി.കോളേജ് ആശുപത്രി : 2,000

സർക്കാർ ആശുപത്രികൾ : 250- 400

രോഗലക്ഷണങ്ങളെ അവഗണിക്കാതെ കൃത്യസമയത്ത് ശരിയായ ചികിത്സ തേടണം. അടിയന്തര ചികിത്സാസഹായം ഉറപ്പാക്കണം.സ്വയം ചികിത്സ പാടില്ല.ഡോക്ടറുടെ നിർദ്ദേശമില്ലാതെ വേദനസംഹാരികൾ കഴിക്കരുത്.

-ഡി.എം.ഒ, ആലപ്പുഴ