ആലപ്പുഴ: വണ്ടാനം മെഡിക്കൽകോളജിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉച്ചഭക്ഷണം നൽകുന്ന ഡി.വൈ.എഫ്.ഐ ഹൃദയപൂർവം പദ്ധതിക്ക് ഏഴുവയസ്. 3ന് രാവിലെ 11ന് മെഡിക്കൽകോളജ് അങ്കണത്തിൽ ചേരുന്ന വാർഷികപരിപാടി കേന്ദ്രസെക്രട്ടറിയേറ്റ് അംഗം ജെയ്ക് സി.തോമസ് ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. എ.എം.ആരിഫ് എം.പി, എച്ച്.സലാം എം.എൽ.എ, സി.പി.എം ജില്ലസെക്രട്ടറി ആർ.നാസർ എന്നിവർ പങ്കെടുക്കും. 2017 ലാണ് പദ്ധതിക്ക് തുടക്കമിട്ടത്. ഒരുദിവസം 2500 ഭക്ഷണപ്പൊതികളാണ് നൽകിയത്.പദ്ധതിയുമായി സഹകരിച്ചവരോട് നന്ദി പറയാൻ ഇന്ന് മുതൽ തിങ്കളാഴ്ചവരെ ഭവനസന്ദർശനം നടത്തും. സ്‌കൂൾ തുറക്കലിന് മുന്നോടിയായി ജില്ലയിലെ 107 സ്‌കൂളുകൾ ഡി.വൈ.എഫ്.ഐ യൂത്ത് ബ്രിഗേഡിന്റെ നേതൃത്വത്തിൽ ശുചീകരിച്ചു. വാർത്തസമ്മേളനത്തിൽ ജില്ല പ്രസിഡന്റ് എസ്.സുരേഷ് കുമാർ, സെക്രട്ടറി ജെയിംസ് ശാമുവേൽ, സി.ശ്യാംകുമാർ, ജി.ശ്രീജിത് എന്നിവർ പങ്കെടുത്തു.