മുഹമ്മ: കനത്ത മഴയിൽ വീടിന് ചുറ്റും വെള്ളംകയറി ദുരിതത്തിലായി ഷീലയുടെ കുടുംബം. മുഹമ്മപഞ്ചായത്ത് പത്താം വാർഡ് വേമ്പനാട് ജംഗ്ഷന് സമീപം വെളിയിൽ പരേതനായ പ്രസാദിന്റെ ഭാര്യ ഷീലയും മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികളുമാണ് വേനൽ മഴയിൽ ദുരിതത്തിലായത്.വീട് നിൽക്കുന്നിടം താഴ്ന്ന സ്ഥലമായതിനാൽ പെയ്ത്തു വെള്ളം കൂടാതെ അയൽപക്കത്തെ പുരയിടങ്ങളിലെ വെള്ളവും ഒഴുകിയെത്തിയാണ് വെള്ളക്കെട്ട് രൂപം കൊണ്ടത്. മോട്ടോർ പമ്പ് ഉപയോഗിച്ചോ കുഴൽ സ്ഥാപിച്ചോ അടുത്ത തോട്ടിലേക്ക് വെള്ളം ഒഴുക്കി കളയാനുള്ള സംവിധാനം ഒരുക്കാൻ ഷീലയ്ക്ക് സാമ്പത്തിക ശേഷിയില്ല.കുട്ടികൾക്ക് മരുന്നിനായും ജീവിത ചെലവിനായും പണം കണ്ടെത്താൻ വിഷമിക്കുകയാണ് ഷീല. തൊഴിലുറപ്പിൽ നിന്നു കിട്ടുന്ന വരുമാനവും വിധവാ പെൻഷനുമാണ് ഈ കുടുംബത്തിന്റെ ആശ്രയം. പഞ്ചായത്ത് സംവിധാനങ്ങളോ സർക്കാരോ വെള്ളക്കെട്ടിനു പരിഹാരം ഉണ്ടാക്കി തരണമെന്നാണ് ഈ കുടുംബത്തിന്റെ ആവശ്യം.