konm

ആലപ്പുഴ: ആലപ്പുഴ നഗരത്തിലെ തിരുമല വാർഡിൽ കൊമ്പൻകുഴി പാടശേഖരത്തോട് ചേർന്നുള്ള ഇരുന്നൂറോളം കുടുംബങ്ങൾ വെള്ളത്തിലായി. പാടശേഖരത്തിൽ സ്ഥിരമായി വെള്ളം പമ്പ് ചെയ്യണമെന്ന നിർദ്ദേശത്തിന് വിരുദ്ധമായി പാടശേഖരസമിതി പ്രവർത്തിച്ചതാണ് നിലവിൽ വീടുകൾക്കുള്ളിൽ പോലും വെള്ളം കയറാൻ ഇടയാക്കിയതെന്നാണ് ആക്ഷേപം.

കൊമ്പൻകുഴി പാടശേഖരത്തിലെ സ്ഥിരമായ മഴവീഴ്ച മൂലം പ്രദേശം വെള്ളത്തിലാകുന്നെന്ന പരാതി ഹൈക്കോടതിയുടെ പരിഗണയിൽ വരെയെത്തിയ വിഷയമാണ്. പ്രദേശവാസികൾ അനുഭവിക്കുന്ന പ്രശ്ന പരിഹാരാർത്ഥം 2011ൽ ആലപ്പുഴ ആർ.ഡി.ഒ സ്ഥലപരിശോധന നടത്തി യോഗം വിളിച്ച് നടപ്പിലാക്കേണ്ട തീരുമാനങ്ങൾ ഉത്തരവിട്ടിരുന്നു.

വൈദ്യുതി കണക്ഷൻ ലഭ്യമാക്കി സ്ഥിരമായി വെള്ളം പമ്പ് ചെയ്യുക, വരമ്പ് മുറിച്ച് വെള്ളം കയറ്റാതിരിക്കുക, വരമ്പിന്റെ ലെവലിൽ മാത്രം വെള്ളം കയറ്റുക, തുടങ്ങി നിരവധി തീരുമാനങ്ങളാണ് കൈക്കൊണ്ടത്. എന്നാൽ ഇത്തവണ വേനൽ മഴ ശക്തിപ്രാപിച്ച സമയത്ത് പോലും പാടശേഖരത്തിൽ നിന്ന് വെള്ളം പമ്പ് ചെയ്യാൻ ബന്ധപ്പെട്ടവർ തയാറായില്ലെന്ന് ജനം ആരോപിക്കുന്നു.

പകർച്ചവ്യാധി ഭീഷണി

പ്രദേശത്തെ നൂറ് കണക്കിന് വീടുകളുടെ സെപ്ടിക് ടാങ്കുകൾ വെള്ളത്തിൽ മുങ്ങി. ഇത് വലിയ പകർച്ചവ്യാധി ഭീഷണയി ഉയർത്തുന്നു. എലിപ്പനിയടക്കമുള്ള രോഗങ്ങൾ പടരാനുള്ള സാധ്യത പ്രദേശത്ത് കൂടുതലാണെന്നും ജനം ഭയപ്പെടുന്നു.

ഹൈക്കോടതി ഇടപെട്ട വിഷയത്തിലാണ് പാടശേഖരസമിതി അലംഭാവം കാണിച്ചത്. മോട്ടോർ പ്രവർത്തിപ്പിക്കാതെ തൂമ്പും തുറന്ന് വെച്ചതിനാലാണ് വീടുകളിൽ വെള്ളം കയറിയത്

- പ്രദേശവാസികൾ