ചേർത്തല:കാക്കനാട് വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രോമോഷൻ കൗൺസിലിന്റെ ഫാമിൽ നിന്നും താത്കാലിക ജീവനക്കാരനെ മുന്നറിയിപ്പിലാതെ പിരിച്ചുവിട്ടുവെന്ന് പരാതി. തുറവൂർ വളമംഗലം കുയാത്ത് ചിറ പി.കെ. പ്രകാശനാണ് മുഖ്യമന്ത്റിക്കും കൃഷിവകുപ്പ് മന്ത്റിക്കും പരാതി നൽകിയത്. 16 വർഷമായി തുടർച്ചയായി ചുമട്ടുതൊഴിൽ ചെയ്തിരുന്നുവെന്നും കഴിഞ്ഞവർഷം ഓക്ടോബറിൽ മുന്നറിയിപ്പില്ലാതെ പിരിച്ചുവിട്ടുവെന്നുമാണ് പരാതി. സ്കൂൾ സർട്ടിഫിക്കറ്റിലെ രേഖകൾ പ്രകാരം 58 വയസാണ് പൂർത്തിയായത്. തുറവൂർ മേഖലയിലെ സ്ഥലം വിൽപ്പനയുമായി ബന്ധപ്പെട്ട് കുത്തിയതോട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ അനുകൂല മൊഴി കൊടുക്കാത്തതിന്റെ പേരിൽ മുൻ ചേർത്തല ഡിവൈ.എസ്.പിയുടെ നിർദ്ദേശ പ്രകാരം വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രോമോഷൻ കൗൺസിലിൽ മാനേജർ ഉൾപ്പെടെയുള്ളവർ ഇടപെട്ടാണ് തൊഴിലിൽ നിന്ന് പിരിച്ചുവിട്ടതെന്നും പരാതിയിൽ പറയുന്നു.