m

 തിരഞ്ഞെടുപ്പ് കമ്മിഷന് എം.എൽ.എമാരുടെ കത്ത്


ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെതിരെ രാജ്യതലസ്ഥാനത്തെ മെട്രോ സ്റ്റേഷനുകളിലും ചില ട്രെയിനുകളിലുംചുവരെഴുത്തുകൾ പ്രത്യക്ഷപ്പെട്ടതിനെ തുടർന്ന് ബി.ജെ.പിക്കെതിരെ രൂക്ഷ ആരോപണവുമായി ആം ആദ്മി രംഗത്ത്. കേജ്‌രിവാളിനെതിരെ ഉന്നതതല ഗൂഢാലോചന നടക്കുന്നുവെന്ന് എ.എ.പി നേതാക്കൾ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.

പട്ടേൽ നഗർ, രാജീവ് ചൗക്ക് മെട്രോ സ്റ്റേഷനുകളിലും ചില ട്രെയിനുകളിലുമാണ് കേജ്‌രിവാളിനെതിരെ ഇന്നലെ ഗ്രാഫിറ്റികൾ പ്രത്യക്ഷപ്പെട്ടത്. കേജ്‌രിവാൾ ഡൽഹി വിട്ടുപോകണം, താങ്കളുടെ സൗജ്യനങ്ങൾ വേണ്ട എന്നിങ്ങനെയുള്ള സന്ദേശങ്ങൾ ചുവരെഴുത്തുകളിലുണ്ട്.

മുഖ്യമന്ത്രിക്കെതിരെ വധഭീഷണി ഉയർന്നിരിക്കുകയാണെന്നും അദ്ദേഹത്തിന് എന്തെങ്കിലും സംഭവിച്ചാൽ ബി.ജെ.പിക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കുമായിരിക്കും ഉത്തരവാദിത്തമെന്നും എ.എ.പി രാജ്യസഭാ എം.പി സഞ്ജയ് സിംഗ് പറ‌ഞ്ഞു. പ്രധാനമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് കേജ്‌രിവാളിനെ ആക്രമിക്കാൻ ഗൂഢാലോചന നടക്കുന്നുവെന്നും സിംഗ് ആരോപിച്ചു.

ഡൽഹിയിലെ ഏഴ് സീറ്രുകളിലും ബി.ജെ.പി പരാജയം മണക്കുന്നുവെന്ന് വിദ്യാഭ്യാസമന്ത്രി അതിഷി പറഞ്ഞു. 24 മണിക്കൂറും സി.സി.ടിവി നിരീക്ഷണവും പൊലീസ് - കേന്ദ്രസേനകളുടെ സാന്നിദ്ധ്യവുമുള്ള മെട്രോ സ്റ്റേഷനുകളിലാണ് ചുവരെഴുതിയിരിക്കുന്നത്. ഇതിന്റെ ചിത്രങ്ങൾ സാമൂഹ്യമാദ്ധ്യമങ്ങളിൽ അപ്‌ലോഡ് ചെയ്‌തിരിക്കുന്നു. ഡൽഹി പൊലീസിന്റെ സൈബർ സെൽ എവിടെപ്പോയെന്ന് അതിഷി ചോദിച്ചു. വിഷയത്തിൽ അടിയന്തര ഇടപെടലും നടപടിയും ആവശ്യപ്പെട്ട് ആംആദ്മി എം.എൽ.എമാർ തിരഞ്ഞെടുപ്പ് കമ്മിഷന് കത്തു നൽകി. അങ്കിത് ഗോയൽ എന്നു പേരുള്ള സമൂഹമാദ്ധ്യമ അക്കൗണ്ടിൽ ഭീഷണിസന്ദേശവും ചിത്രങ്ങളും അപ്‌ലോഡ് ചെയ്‌തിട്ടുണ്ടെന്ന് കത്തിൽ അറിയിച്ചു. സംഭവത്തിൽ ഡൽഹി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

ചുവരെഴുത്തുകൾക്ക് പിന്നിലാരെന്നറിയാൻ മെട്രോ സ്റ്റേഷനുകളിലെ സി.സി.ടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പൊലീസ് പരിശോധിച്ചുവരികയാണ്.

ആംആദ്മിക്ക് 7.08 കോടി

വിദേശ ഫണ്ട്

2014- 22 കാലയളവിൽ ചട്ടങ്ങൾ പാലിക്കാതെ എ.എ.പി 7.08 കോടിയുടെ വിദേശഫണ്ട് സ്വീകരിച്ചെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ ഇ.ഡി അറിയിച്ചതായി റിപ്പോർട്ട്. യു.എസ്, കാനഡ, ഓസ്ട്രേലിയ,​ യു.എ.ഇ,​ കുവൈറ്റ്,​ ഒമാൻ എന്നീ രാജ്യങ്ങളിൽ നിന്നാണ് വിദേശ സംഭാവന നിയന്ത്രണ നിയമത്തിന് വിരുദ്ധമായി പണം സ്വീകരിച്ചത്. സംഭാവന നൽകിയവരുടെ വിവരങ്ങളും കേന്ദ്രത്തിന് കൈമാറിയെന്നും അറിയുന്നു. പാർട്ടിയെ അപമാനിക്കാനുള്ള ബി.ജെ.പിയുടെ നീക്കമാണിതെന്ന് ആംആദ്മി പാർട്ടി പ്രതികരിച്ചു.