ന്യൂഡൽഹി: കൊവിഡ് വാക്‌സിൻ സ്വീകരിച്ചവർക്ക് നൽകുന്ന കൊവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം നീക്കി. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ചൂണ്ടിക്കാട്ടിയാണ് ആരോഗ്യമന്ത്രാലയത്തിന്റെ നടപടി. 'കൊവിഡ് 19നെ ഇന്ത്യ ഒരുമിച്ചു നേരിടും" എന്ന ക്യാപ്ഷനോടെയാണ് മോദിയുടെ ചിത്രമുള്ള സർട്ടിഫിക്കറ്റ് വിതരണം ചെയ്തിരുന്നത്. തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദ്ദേശം പാലിക്കുകയാണ് ചെയ്തതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതാദ്യമായല്ല നരേന്ദ്രമോദിയുടെ ചിത്രം കൊവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ നിന്ന് നീക്കുന്നത്. 2022ൽ ഗോവ, മണിപ്പൂർ, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് സമയത്തും തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദ്ദേശത്തെ തുടർന്ന് ചിത്രം ഒഴിവാക്കിയിരുന്നു. യു.കെയിലെ മരുന്നു നിർമ്മാണ കമ്പനിയായ ആസ്ട്രാസെനെക നിർമ്മിച്ച കൊവിഡ് വാക്സിൻ AZD1222 (ഇന്ത്യയിൽ കൊവിഷീൽഡ്) ഗുരുതര പാർശ്വഫലങ്ങൾക്ക് കാരണമാകുമെന്ന കമ്പനിയുടെ വെളിപ്പെടുത്തൽ പുറത്തുവന്നിരുന്നു. മസ്തിഷ്‌കാഘാതം, ഹൃദയാഘാതം എന്നിവയ്ക്ക് അപൂർവ്വമായി കൊവിഷീൽഡ് വാക്‌സിൻ കാരണമാകാമെന്ന് മരുന്നുനിർമ്മാണ കമ്പനി യു.കെ ഹൈക്കോടതിയിലാണ് വ്യക്തമാക്കിയത്. രക്തം കട്ടപിടിക്കുകയും രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം കുറയുകയും ചെയ്യുന്ന ടി.ടി.എസ് (ത്രോംബോസിസ് വിത്ത് ത്രോംബോസൈറ്റോപെനിയ സിൻഡ്രോം) എന്ന മെഡിക്കൽ അവസ്ഥയുണ്ടാകാൻ അപൂർവ്വമായി സാദ്ധ്യതയുണ്ടെന്നും അറിയിച്ചു.