ന്യൂഡൽഹി : തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഡൽഹി മുഖ്യമന്ത്രി കേജ്രിവാളിനെ അറസ്റ്റ് ചെയ്തത് എന്തിന് തുടങ്ങിയ അഞ്ച് ചോദ്യങ്ങൾക്ക് ഇ.ഡിയുടെ മറുപടിയും, അതിനോട് സുപ്രീംകോടതിയുടെ നിലപാടും ഇന്ന് നിർണായകമാകും. മദ്യനയക്കേസിലെ അറസ്റ്റും ഇ.ഡി കസ്റ്റഡിയിൽ വിട്ട വിചാരണക്കോടതി നടപടിയും ചോദ്യം ചെയ്ത് കേജ്രിവാൾ സമർപ്പിച്ച ഹർജി ജസ്റ്രിസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കർ ദത്ത എന്നിവരുടെ ബെഞ്ചാണ് പരിഗണിക്കുന്നത്. ഉടൻ ജയിൽ മോചിതനാക്കണമെന്നാണ് ആവശ്യം. പൗരന്റെ സ്വാതന്ത്ര്യം പ്രധാനമാണെന്നും, നിഷേധിക്കാനാകില്ലെന്നും ഏപ്രിൽ 30ന് കോടതി നിരീക്ഷിച്ചിരുന്നു.
തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള അറസ്റ്റ് അടക്കമുള്ള സുപ്രീംകോടതിയുടെ ചോദ്യങ്ങൾക്കാണ് ഇ.ഡിക്ക് വേണ്ടി അഡീഷണൽ സോളിസിറ്റർ ജനറൽ എസ്.വി. രാജു മറുപടി നൽകേണ്ടത്. കേസിന്റെ ആരംഭവും അറസ്റ്രും തമ്മിൽ 365 ദിവസത്തിലധികം ഇടവേള എന്തുകൊണ്ടെന്ന് കോടതി ചോദിച്ചിരുന്നു. മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്കെതിരെ തെളിവുകൾ കണ്ടെടുത്തു. കേജ്രിവാളിന്റെ കാര്യത്തിൽ എന്താണുള്ളത് ? കേജ്രിവാളിനെതിരെയുള്ള കേസിൽ കണ്ടുകെട്ടൽ നടപടികൾ ഇല്ലാത്തതിലും, ജാമ്യാപേക്ഷ നൽകാതെ അറസ്റ്റിനെതിരെ അദ്ദേഹം ഹർജി നൽകിയതിലും ഇ.ഡി നിലപാട് അറിയിക്കണം.
സിസോദിയയുടെ ജാമ്യാപേക്ഷ ഇന്ന്
മദ്യനയത്തിലെ ഇ.ഡി, സി.ബി.ഐ കേസുകളിൽ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ സമർപ്പിച്ച ജാമ്യാപേക്ഷ ഡൽഹി ഹൈക്കോടതി ഇന്ന് പരിഗണിച്ചേക്കും. വിചാരണ നീളുന്നുവെന്ന് കാട്ടി സിസോദിയ നൽകിയ ജാമ്യാപേക്ഷ റൗസ് അവന്യു കോടതി തള്ളിയിരുന്നു. വിചാരണ വൈകുന്നത് സിസോദിയയുടെ തന്നെ പ്രവൃത്തികൾ കാരണമാണെന്നായിരുന്നു കോടതി നിലപാട്. 14 മാസമായി സിസോദിയ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. 2023 ഫെബ്രുവരി 26നാണ് സിസോദിയയെ സി.ബി.ഐ അറസ്റ്റ് ചെയ്തത്. ഇ.ഡി മാർച്ച് ഒൻപതിനും അറസ്റ്റ് രേഖപ്പെടുത്തി.
ഡൽഹി വനിത കമ്മിഷനിൽ
കൂട്ടപിരിച്ചുവിടൽ
ന്യൂഡൽഹി: ഡൽഹി വനിത കമ്മിഷനിലെ 223 കരാർ ജീവനക്കാരെ പിരിച്ചുവിട്ട് ലെഫ്റ്റനന്റ് ഗവർണർ വി.കെ. സക്സേന. ആം ആദ്മി പാർട്ടിയുടെ രാജ്യസഭാ എം.പിയായ സ്വാതി മലിവാൾ, ഡൽഹി വനിത കമ്മിഷൻ അദ്ധ്യക്ഷയായിരിക്കെ നടത്തിയ നിയമനങ്ങളാണിത്. ലെഫ്റ്റനന്റ് ഗവർണറുടെ അനുമതിയില്ലാതെ കരാർ ജീവനക്കാരുടെ 223 തസ്തികകൾ സൃഷ്ടിച്ചതും നിയമനങ്ങൾ നടത്തിയതും ചട്ടവിരുദ്ധമെന്ന് വ്യക്തമാക്കിയാണ് നടപടി. 2017ലെ അന്വേഷണറിപ്പോർട്ടാണ് നടപടിക്ക് അടിസ്ഥാനം. ഡൽഹി വനിത കമ്മിഷൻ അധികാരപരിധി വിട്ടുപ്രവർത്തിച്ചെന്നും കൂട്ടിച്ചേർത്തു.
രൂക്ഷവിമർശനവുമായി
സ്വാതി മലിവാൾ
മുഴുവൻ കരാർ ജീവക്കാരെയും പിരിച്ചുവിട്ടാൽ ഡൽഹി കമ്മിഷൻ അടച്ചുപൂട്ടലിന്റെ വക്കിലേക്ക് പോകുമെന്ന് സ്വാതി മലിവാൾ എക്സ് അക്കൗണ്ടിൽ പ്രതികരിച്ചു. കമ്മിഷനെ വേരോടെ പിഴുതെറിയാനാണോ നീക്കമെന്ന് ലെഫ്റ്രനന്റ് ഗവർണറോട് ചോദിച്ചു. തന്നെ ജയിലിലിട്ടോളൂ. എന്നാലും കമ്മിഷൻ അടച്ചുപൂട്ടാൻ സമ്മതിക്കില്ലെന്നും വ്യക്തമാക്കി.