ന്യൂഡൽഹി : ലാവലിൻ കേസ് 33-ാം തവണ ഇന്നലെ സുപ്രീംകോടതിയിൽ ലിസ്റ്റ് ചെയ്തിരുന്നെങ്കിലും അന്തിമവാദം ആരംഭിച്ചില്ല. മഹാരാഷ്ട്രയിൽ നിന്നുള്ള ഭൂമിയേറ്റെടുക്കൽ കേസിൽ അടക്കം വാദമുഖങ്ങൾ നീണ്ടതു കാരണമാണിത്. ബുധനാഴ്ചയും കേസ് പട്ടികയിലുണ്ടായിരുന്നെങ്കിലും പരിഗണനയ്ക്ക് എത്തിയിരുന്നില്ല. മേയ് ഒന്നുമുതൽ അന്തിമവാദം കേൾക്കാമെന്ന് ജസ്റ്റിസുമാരായ സൂര്യകാന്ത്, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ച് ഫെബ്രുവരി ആറിന് വ്യക്തമാക്കിയിരുന്നു. മേയ് 17ന് മദ്ധ്യവേനൽ അവധിക്കായി അടയ്ക്കുന്ന സുപ്രീംകോടതി, ജൂലായ് എട്ടിനാണ് വീണ്ടും തുറക്കുന്നത്. അതിനാൽ അന്തിമതീർപ്പ് ഇനിയും വൈകിയേക്കും. 2017 മുതൽ സുപ്രീംകോടതിയുടെ പരിഗണനയിലുള്ള കേസാണിത്. മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ ഊർജ സെക്രട്ടറി കെ. മോഹനചന്ദ്രൻ, മുൻ ജോയിന്റ് സെക്രട്ടറി എ. ഫ്രാൻസിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി നടപടി ചോദ്യം ചെയ്ത് സി.ബി.ഐ സമർപ്പിച്ച അപ്പീലാണ് കോടതിക്ക് മുന്നിലുള്ളത്.