കൊൽക്കത്തയിൽ നിന്ന് 80 കിലോമീറ്റർ ഓളം റോഡുമാർഗം സഞ്ചരിച്ച് ദമാഖലിയിലെത്തിയ ശേഷം, അവിടെനിന്ന് ബോട്ടിലാണ് ഗംഗാതടത്തിൽ സ്ഥിതിചെയ്യുന്ന സന്ദേശ്ഖാലിയിലേക്ക് പോകേണ്ടത്. പ്രാദേശിക തൃണമൂൽ നേതാവ് ഷാജഖാൻ ഷെയ്‌ഖിന്റെ ഗുണ്ടാരാജിലൂടെ രാഷ്‌ട്രീയ പ്രാധാന്യം ലഭിച്ചയിടം. ബസീർഘട്ട് ലോക്‌സഭ മണ്ഡലത്തിനു കീഴിലെ സന്ദേശ്ഖാലിയിൽ ദേശീയ മാദ്ധ്യമങ്ങളും സി.ബി.ഐയും ഇ.ഡിയും എൻ.ഐ.ഐയുമൊക്കെ ഇപ്പോൾ സ്ഥിരം കയറിയിറങ്ങുന്നു. ദമാഖലിയിൽ വച്ച് സി.ബി.ഐ സംഘം വന്നിറങ്ങുന്നതും കണ്ടു.
ഷാജഹാൻ ഷെയ്‌ഖ്, അനുയായികളായ ഷിബു ഹസ്ര, ഉത്തം സർദാർ എന്നിവരുടെ പത്തുവർഷം നീണ്ട ഗുണ്ടായിസത്തിന്റെ അവശേഷിപ്പുകൾ കാണാൻ മോട്ടോർ ഘടിപ്പിച്ച വലിയ വള്ളത്തിൽ കയറി തുരുത്തിലെത്തി. ശിബ്ശങ്കർ ദേബ് എന്നയാൾ ഗ്രാമത്തിനുള്ളിലേക്ക് കൊണ്ടുപോയി.
നമ്മുടെ കുട്ടനാടിനു സമാനമായ വെള്ളക്കെട്ടുള്ള സ്ഥലം. തെങ്ങും വാഴയും മരങ്ങളുമൊക്കെയുണ്ട്. 'ഭായി" എന്നറിയപ്പെട്ട മുൻ സി.പി.എം നേതാവ് ഷാജഹാൻ ഷെയ്‌ഖിന്റെ ഗുണ്ടകൾ ജെ.സി.ബി ഉപയോഗിച്ച് മീൻ വളർത്തൽ കേന്ദ്രമാക്കി മാറ്റിയ ഫുട്ബാൾ ഗ്രൗണ്ട് കണ്ടു. നാട്ടുകാരുടെ കൃഷി മുടക്കി 200 ഏക്കറോളം വയലിൽ ഉപ്പുവെള്ളം കയറ്റി അവർ മീൻ വളർത്തി.
ഇതിനു പുറമെയായിരുന്നു സ്‌ത്രീകൾക്കെതിരായ ചൂഷണം. പത്തു വർഷത്തിലേറെ നീണ്ട ദുരനുഭവങ്ങളാണ് സ്‌ത്രീകൾക്ക് പറയാനുണ്ടായിരുന്നത്. വനിതാ യൂത്ത് വിംഗ് യോഗത്തിന്റെ പേരിൽ സ്‌ത്രീകളെ പാതിരായ്‌ക്ക് ബലം പ്രയോഗിച്ച് കൊണ്ടു പോയെന്ന് തൃണമൂൽ പ്രവർത്തകയായ മൗഷ്‌മി പറഞ്ഞു. ആഴ്ചകൾ കഴിഞ്ഞേ മോചിപ്പിക്കൂ. പൊലീസ് കണ്ണടച്ചു.
ഭർതൃമതികളേയും അവിവാഹിതരായ നിരവധി സ്‌ത്രീകളേയും ഷാജഹാനും കൂട്ടരും പീഡിപ്പിച്ചു. വേദനയും രോഷവും പുകഞ്ഞ് പുറത്തുവന്നത് ബാസിർഘട്ടിലെ ബി.ജെ.പി സ്ഥാനാർത്ഥി രേഖാപത്രയുടെ വീടിനടുത്തു നിന്നാണ്. സ്‌ത്രീകളുടെ പ്രതിഷേധം കത്തിപ്പടർന്നു. ഗുണ്ടകൾ ഒളിവിൽ പോയി. പ്രതിഷേധക്കാർ അടിച്ചു തകർത്ത ഷിബു ഹസ്രയുടെ കോഴിഫാമും പിടിച്ചെടുത്ത പാടങ്ങളും കണ്ടു. ഇന്ന് സ‌്‌ത്രീകൾ സ്വാതന്ത്ര്യം നേടിയെന്നും വർഷങ്ങളായി വോട്ടുചെയ്യാൻ അനുവാദമില്ലായിരുന്നെന്നും മൗഷ്‌മി പറഞ്ഞു. പോളിംഗ് ബൂത്തിന്റെ പരിസരത്ത് ചെന്നാൽ സ്വന്തം നേതാക്കൾ ആട്ടിയോടിക്കും. വേറെയാളുകൾ തങ്ങളുടെ വോട്ടു ചെയ്യും.
സ്‌ത്രീസുരക്ഷ അഭിമാനമായി പറഞ്ഞ തൃണമൂലിനെതിരെ ബി.ജെ.പി വിഷയത്തെ രാഷ്‌ട്രീയമായി ഉപയോഗിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ടിടപെട്ടു. രേഖാപത്രയെ സ്ഥാനാർത്ഥിയാക്കി. തൃണമൂലിന്റെ സിറ്റിംഗ് സീറ്റായ ബസീർഘട്ടിൽ ജയിക്കാൻ മുസ്ളിം ബാങ്ക് ഭിന്നിക്കുകയും ഹിന്ദു വോട്ടുകൾ ധ്രുവീകരിക്കുകയും വേണം. ഹാജി നൂറുൽ ഇസ്ളാം (തൃണമൂൽ), നിരപദ സർദാർ(സി.പി.എം) എന്നിവരാണ് മറ്റു സ്ഥാനാർത്ഥികൾ.
തുരുത്തിന്റെ മറ്റൊരു ഭാഗത്ത് രേഖാപത്രയുടെ ഓല മേഞ്ഞ വീടു കണ്ടു. സ്ഥാനാർത്ഥിയായ ശേഷം താമസം മാറ്റിയതായി ഭർതൃസഹോദരൻ പറഞ്ഞു. ഭർത്താവിനൊപ്പം തമിഴ്നാട്ടിലുണ്ടായിരുന്നതിനാൽ തമിഴുമറിയാം.
50 കിലോമീറ്റർ അകലെ ഹത്ഘോലയിൽ യോഗസ്ഥലത്ത് ചെന്നപ്പോൾ തൊട്ടടുത്ത വീട്ടിൽ വിശ്രമത്തിലായിരുന്നു രേഖ. ആരോഗ്യ പ്രശ്‌നങ്ങൾ കാരണം ഇടവിട്ട ദിവസങ്ങളിലാണ് പ്രചാരണം. അവർ ഇറങ്ങി വന്നു. ക്ഷീണിതയാണ്. പണ്ട് ഷിബുഹസ്ര നടത്തിയ ആക്രമണത്തിന്റെ അവശേഷിപ്പായി മുഖത്ത് വെട്ടുകല. കേന്ദ്ര സേനയുടെ സുരക്ഷയിൽ അവർ സംസാരിച്ചു:
''ബംഗാളിൽ സ്‌ത്രീകളുടെ സുരക്ഷ ഉറപ്പാക്കാൻ മമത ദീദിക്ക് (മമതാ ബാനർജി) കഴിഞ്ഞില്ല. ഞങ്ങൾ വർഷങ്ങളോളം ദുരിതമനുഭവിച്ചു. ഷാജഹാനെതിരെ പൊലീസ് കയ്യുംകെട്ടി നിന്നു. പൊലീസ് മന്ത്രിയായ മമതയുടെ വലം കൈയായി അയാൾ പ്രവർത്തിച്ചു. മോദിക്കുവേണ്ടി ജനങ്ങൾ വോട്ടുചെയ്യും"".