wedding

 വെറും രജിസ്ട്രേഷൻ വിവാഹത്തിന് നിയമസാധുതയില്ല

ന്യൂഡൽഹി : ഹിന്ദു വിവാഹനിയമ പ്രകാരം ചടങ്ങുകൾ നിർബന്ധമെന്ന് വിധിച്ച് സുപ്രീംകോടതി. ആചാരപരമായ ചടങ്ങുകളില്ലാതെ വെറും രജിസ്ട്രേഷൻ മാത്രമായി നടത്തുന്ന വിവാഹത്തിന് നിയമസാധുതയില്ലെന്നും ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, അഗസ്റ്രിൻ ജോർജ് മസിഹ് എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. രജിസ്ട്രേഷൻ നടത്തി കിട്ടുന്ന വിവാഹ സർട്ടിഫിക്കറ്ര് നിയമപരമല്ല.

വിവാഹചടങ്ങ് സംസ്കാരത്തിന്റെ ഭാഗമാണ്. അത് കർശനമായും, മതപരമായും പാലിക്കണം. ഹിന്ദു നിയമപ്രകാരം വിവാഹം പവിത്രമാണ്. രണ്ട് വ്യക്തികൾ തമ്മിൽ ആജീവനാന്തമുള്ള അന്തസും, തുല്യതയും, ആരോഗ്യകരമായ ഐക്യവും ഉറപ്പിക്കുന്നതാണ്.

വിദേശത്തേക്ക് ചേക്കേറാൻ തയ്യാറെടുക്കുന്ന വരനും വധുവിനും വിവാഹ രജിസ്ട്രേഷൻ നടത്താൻ മാതാപിതാക്കൾ തന്നെ സമ്മതം നൽകുന്ന പ്രവണത വർദ്ധിക്കുകയാണ്. വിവാഹചടങ്ങുകൾ പിന്നീടൊരു ദിവസം നടത്താനും നിശ്ചയിക്കുന്നു. സമയലാഭം നോക്കിയുള്ള ഇത്തരം സമീപനങ്ങൾ അനുവദിക്കാനാവില്ല.

വിവാഹ സർട്ടിഫിക്കറ്റുകളുടെ നിയമസാധുതയുമായി ബന്ധപ്പെട്ട ഒരുകൂട്ടം ഹർജികളിലാണ് വിധി.

 വിവാഹം കച്ചവടമല്ല

ആടിയും പാടിയും കുടിച്ചും ആഹാരം കഴിച്ചും, സമ്മാനങ്ങളും സ്ത്രീധനവും നൽകിയും നടത്തേണ്ടതല്ല വിവാഹം. വാണിജ്യ ഇടപാടുമല്ല. ഇന്ത്യൻ സമൂഹത്തിന്റെ അടിസ്ഥാന യൂണിറ്രായ കുടുംബത്തിലേക്ക് സ്ത്രീയെയും പുരുഷനെയും ഭാര്യാ - ഭർതൃ പദവിയിലേക്ക് ചേർക്കുന്നതിന്റെ ചടങ്ങാണെന്നും കോടതി ഓർമ്മിപ്പിച്ചു.