ന്യൂഡൽഹി: മൂന്നാം ഘട്ട വോട്ടെടുപ്പിൽ ഏറെ ശ്രദ്ധിക്കപ്പെടുന്ന പോരാട്ടമാണ് മധ്യപ്രദേശിലെ രാജ്ഗഢിൽ. ബി.ജെ.പിയുടെ സിറ്റിംഗ് എംപി റോഡ്‌മൽ നഗറിനെതിരെ മുതിർന്ന കോൺഗ്രസ് നേതാവും മുൻമുഖ്യമന്ത്രിയും രാജ്യസഭാംഗവുമായ ദിഗ്‌വിജയ സിംഗ് മത്സരിക്കുന്നു. 1980, 1991 വർഷങ്ങളിൽ രാജ്ഗഢ് എം. പി ആയിരുന്ന ദിഗ്‌വിജയ് 33 വർഷത്തിന് ശേഷം മടങ്ങി വന്നതാണ്.
ദിഗ്‌വിജയ് സിംഗിനും മധ്യപ്രദേശ് കോൺഗ്രസിനും ഇത് അഭിമാനപ്പോരാട്ടമാണ്. നിയമസഭാ തിരഞ്ഞെടുപ്പ് തോൽവിയുടെ നാണക്കേട് തീർക്കാൻ വിജയം അനിവാര്യം. 1952ൽ ലീലാധർ ജോഷി മുതൽ കോൺഗ്രസ് ആധിപത്യം പുലർത്തിയ മണ്ഡലമാണിത്. 2014 മുതൽ റോഡ്ഗമൽ നഗറിലൂടെ ബി.ജെ.പിയും. 2023ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ രാജ്ഗഢിലെ എട്ട് നിയമസഭാ സീറ്റിൽ ഏഴിലും ബി.ജെ.പിയാണ് ജയിച്ചത്. ദിഗ്‌വിജയയുടെ മകൻ ജയവർദ്ധൻ രഘോഗഢിൽ ജയിച്ചു.
രഘോഗഢിലെ രാജാവായിരുന്ന ബൽഭദ്ര സിംഗിന്റെ മകനായ ദിഗ്‌വിജയ സിംഗിന്റെ ലോക്‌സഭാ അരങ്ങേറ്റം 1984ൽ രാജഗഢിലായിരുന്നു. 1989-ൽ ബി.ജെ.പിയുടെ പ്യാരേലാൽ ഖണ്ഡേൽവാളിനോട് തോറ്റെങ്കിലും 1991ൽ തിരിച്ചു പിടിച്ചു. പിന്നീട് മധ്യപ്രദേശ് മുഖ്യമന്ത്രി ആയപ്പോൾ സഹോദരൻ ലക്ഷ്‌മൺ സിംഗിലൂടെ അഞ്ച് തവണ കോൺഗ്രസ് വിജയം ആവർത്തിച്ചു. ലക്ഷ്‌മൺ സിംഗ് പിന്നീട് ബി.ജെ.പിയിൽ ചേർന്ന് 2009ൽ മത്സരിച്ചെങ്കിലും തോറ്റു. ദിഗ്‌വിജയ് സിംഗ് 2019ൽ ഭോപ്പാലിൽ ബി.ജെ.പിയുടെ സാധ്വി പ്രജ്ഞാ സിംഗ് താക്കൂറിനോട് 3.6 ലക്ഷത്തിലധികം വോട്ടിന് തോറ്റു. ഇക്കുറി ഔദ്യോഗിക പ്രഖ്യാപനത്തിന് മുൻപേ രാജ്ഗഢിൽ താൻ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
ബി.ജെ.പി കേന്ദ്രമന്ത്രി അമിത് ഷായെ വരെ പ്രചാരണത്തിന് ഇറക്കിയപ്പോൾ കോൺഗ്രസിനായി ദിഗ്‌വിജയ് ഒറ്റയ്‌ക്കാണ് വോട്ടു തേടിയത്. റോഡ്ഗമൽ നഗറിന്റെ റാലിയിൽ അമിത് ഷാ, ഇത്തവണത്തെ തോൽവിയോടെ ദിഗ്‌വിജയ് സിംഗിന് വിടവാങ്ങേണ്ടി വരുമെന്ന് പരിഹസിച്ചിരുന്നു.
ഏറെക്കാലം ആർ.എസ്.എസിൽ സജീവമായിരുന്ന റോഡ്ഗമൽ നഗർ 2014-ൽ മത്സരിച്ചത് പ്രാദേശിക നേതാക്കളുടെ എതിർപ്പ് അവഗണിച്ചാണ്. 2,28,737 വോട്ടിന് കോൺഗ്രസിന്റെ സിറ്റിംഗ് എംപി നാരായൺ സിംഗ് അംലാബെയെ തോൽപ്പിച്ച് വിമർശകരുടെ നാവടക്കി. 2019-ൽ കോൺഗ്രസിന്റെ മോന സുസ്താനിയെ 4.31 ലക്ഷം വോട്ടിന് തോൽപ്പിച്ച് സീറ്റ് നിലനിർത്തുകയും ചെയ്‌തു.