സംസ്ഥാന സർക്കാർ വിശദീകരണം നൽകണം
ന്യൂഡൽഹി : ഉപയോഗിച്ച സാനിറ്ററി നാപ്കിൻ, അഡൾട്ട് ഡയപ്പർ തുടങ്ങിയവ വീടുകളിൽ നിന്ന് ശേഖരിക്കാൻ കൊച്ചി നഗരസഭ പ്രത്യേക ഫീസ് ഈടാക്കുന്നതിൽ ഞെട്ടൽ രേഖപ്പെടുത്തി സുപ്രീംകോടതി. സ്ത്രീകളും കുട്ടികളും ഉപയോഗിച്ച സാനിറ്ററി വസ്തുക്കൾ ശേഖരിക്കുന്നതിൽ ഒട്ടേറെ സംസ്ഥാനങ്ങൾ വിവേചനം കാട്ടുന്നുവെന്ന പൊതുതാത്പര്യഹർജി പരിഗണിക്കവെയാണിത്. വനിതാ ശാക്തീകരണത്തിന് എതിരാണ് ഇത്തരം നടപടികളെന്ന് ഹർജി സമർപ്പിച്ച അഡ്വ. ഇന്ദു വർമ്മ ചൂണ്ടിക്കാട്ടി. കൊച്ചി നഗരസഭ സാനിറ്ററി മാലിന്യത്തിന്റെ തൂക്കം നോക്കിയാണ് അധികഫീസ് ഈടാക്കുന്നതെന്നും അറിയിച്ചു. യാതൊരു നിയമത്തിന്റെയും പിൻബലമില്ലാതെയുള്ള നഗരസഭയുടെ നടപടി സ്റ്രേ ചെയ്യണമെന്നും ആവശ്യപ്പെട്ടു.
കൊച്ചി നഗരസഭ യൂസർഫീ മാത്രമാണ് ഈടാക്കുന്നതെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. ഈ വിഷയത്തിൽ യൂസർഫീ എന്നത് അനുചിതമായ വാക്കാണെന്ന് ജസ്റ്റിസുമാരായ സൂര്യകാന്ത്, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. സാനിറ്ററി വസ്തുക്കൾ ശേഖരിക്കാൻ എന്തിന് അധികഫീസ് നൽകണമെന്നും ചോദിച്ചു. കേരളം സത്യവാങ്മൂലം സമർപ്പിക്കണമെന്നും ഉത്തരവിട്ടു. പൊതുതാത്പര്യഹർജിയിൽ കേന്ദ്രസർക്കാരും കേരളം ഉൾപ്പെടെ സംസ്ഥാനങ്ങളും ആറാഴ്ച്ചയ്ക്കകം നിലപാട് അറിയിക്കണം.