ന്യൂഡൽഹി: എൻ.ഡി.എ സഖ്യം പ്രതീക്ഷയർപ്പിക്കുന്ന മഹാരാഷ്ട്രയിലും വടക്കൻ സംസ്ഥാനങ്ങളിലും ഭേദപ്പെട്ട പോളിംഗ്. മൂന്നാം ഘട്ടത്തിൽ വോട്ടെടുപ്പ് നടന്ന 93 സീറ്റുകളിൽ 72ഉം നിലവിൽ എൻ.ഡി.എയുടെ കൈയിലാണ്. 120 സ്ത്രീകളടക്കം 1,300 സ്ഥാനാർത്ഥികളാണ് ഇന്നലെ ജനവിധി തേടിയത്. ബംഗാളിൽ ചില അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്‌തതൊഴിച്ചാൽ പൊതുവെ വോട്ടെടുപ്പ് സമാധാന പരമായിരുന്നു.
അസാമിലാണ് കൂടുതൽ പോളിംഗ് (74.86%). മറ്റ് സംസ്ഥാനങ്ങളിൽ: ബംഗാൾ: 73.93%, മഹാരാഷ്ട്ര 53.74%, ബീഹാർ 56.01%, മദ്ധ്യപ്രദേശ്: 62.28%, ഗുജറാത്ത്: 55.2%.
മോശം കാലാവസ്ഥയെ തുടർന്ന് തുരങ്കം അടച്ചതിനാൽ പ്രചാരണം തടസപ്പെട്ട ജമ്മു കാശ്മീർ അനന്ത്നാഗ്- രജൗരി മണ്ഡലത്തിലെ വോട്ടെടുപ്പ് 25ലേക്ക് മാറ്റി.
ബംഗാളിലെ മുർഷിദാബാദ്, ജംഗിപൂർ മണ്ഡലങ്ങളിൽ തൃണമൂൽ, ബി.ജെ.പി, കോൺഗ്രസ്- സി.പി.എം പ്രവർത്തകർ ഏറ്റുമുട്ടി. മുർഷിദാബാദിൽ പോൾ ഏജന്റിനെ ആക്രമിച്ചെന്ന പരാതി പരിശോധിക്കാനെത്തിയ സി.പി.എം സെക്രട്ടറിയും സ്ഥാനാർത്ഥിയുമായ മുഹമ്മദ് സലീമിനെതിരെ തൃണമൂൽ പ്രവർത്തകർ മുദ്രാവാക്യം വിളിച്ചു. ജംഗിപൂരിൽ ബി.ജെ.പി സ്ഥാനാർത്ഥി ധനജോയ് ഘോഷിനെ തൃണമൂൽ പ്രവർത്തകർ തടഞ്ഞതായും പരാതിയുയർന്നു.
കർണാടക കൊപ്പൽ ജില്ലയിൽ ഗംഗാവതി താലൂക്കിലെ ചിക്കരമ്പൂർ ഗ്രാമത്തിൽ ജനങ്ങൾ വോട്ടെടുപ്പ് ബഹിഷ്കരിച്ചു. ബീഹാറിലെ സുപോളിൽ പ്രിസൈഡിംഗ് ഓഫീസർ ശൈലേന്ദ്ര കുമാർ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. വോട്ടിംഗ് യന്ത്രത്തിന് മുകളിൽ പൂജ നടത്തിയതിന് മഹാരാഷ്ട്ര വനിത കമ്മിഷൻ അദ്ധ്യക്ഷയും എൻ.സി.പി നേതാവുമായ രൂപാലി ചക്കങ്കറിനെതിരെ മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് പൊലീസ് കേസെടുത്തു.
വോട്ട് രേഖപ്പെടുത്തി പ്രധാനമന്ത്രി
പ്രധാനമന്ത്രി നരേന്ദ്ര മോദി രാവിലെ 7.30ന് അഹമ്മദാബാദിലെ നിഷാൻ ഹയർസെക്കൻഡറി സ്‌കൂളിൽ വോട്ടുചെയ്‌തു. ബൂത്തിലേക്ക് നടന്നെത്തിയ പ്രധാനമന്ത്രി വഴിയിൽ തിങ്ങിക്കൂടിയവരെ അഭിവാദ്യം ചെയ്‌തു. ബി.ജെ.പി പ്രവർത്തകൻ വരച്ച ഛായാചിത്രത്തിൽ ഓട്ടോഗ്രാഫും നൽകി.
വോട്ടുചെയ്‌ത ശേഷം മാദ്ധ്യമങ്ങൾക്ക് മുന്നിലെത്തി പൗരൻമാരോട് വോട്ടുചെയ്യാൻ അഭ്യർത്ഥിച്ചു. അഹമ്മദാബാദിലാണ് താൻ സ്ഥിരമായി വോട്ട് ചെയ്യുന്നതെന്ന് പറഞ്ഞ മോദി തിരഞ്ഞെടുപ്പ് റിപ്പോർട്ട് ചെയ്യുന്ന മാദ്ധ്യമ പ്രവർത്തകരോട് വെള്ളം കുടിക്കാനും ആരോഗ്യം ശ്രദ്ധിക്കാനും ഉപദേശിച്ചു.
ഗാന്ധിനഗർ സ്ഥാനാർത്ഥിയായ അമിത്ഷാ അഹമ്മദാബാദിലെ ബൂത്തിൽ കുടുംബത്തോടൊപ്പമെത്തി വോട്ട് രേഖപ്പെടുത്തി. ഡൽഹി ലെഫ്. ഗവർണർ വി.കെ.സക്‌സേനയ്‌ക്കും അഹമ്മദാബാദിലായിരുന്നു വോട്ട്. കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഭാര്യ രാധാഭായിക്കൊപ്പം കർണാടക കലബുറഗി നഗരത്തിലെ ബസവ നഗർ ബൂത്തിൽ വോട്ടുചെയ്‌തു. ഗോവ ഗവർണർ പി.എസ്.ശ്രീധരൻ പിള്ളയും ഭാര്യ അഡ്വ. റീത്തയും പനാജിയിൽ സമ്മതിദാന അവകാശം നിർവഹിച്ചു.
മദ്ധ്യപ്രദേശിൽ വിദിഷ ലോക്‌സഭ മണ്ഡലം സ്ഥാനാർത്ഥിയും മുൻമുഖ്യമന്ത്രിയുമായ ശിവരാജ് സിംഗ് ചൗഹാൻ ഭാര്യ സാധന സിംഗിനൊപ്പം സെഹോർ ജില്ലയിലെ ജെയ്റ്റ് ഗ്രാമത്തിലെ ബൂത്തിലും എൻ.സി.പി നേതാവ് ശരദ് പവാർ മകൾ സുപ്രിയ സുലേ മത്സരിക്കുന്ന മഹാരാഷ്‌ട്രയിലെ ബാരാമതിയിലും വോട്ടുചെയ്‌തു.