ന്യൂഡൽഹി : പശ്ചിമബംഗാളിൽ ജോലിക്ക് കോഴ ആരോപണമുയർന്ന 25000ൽപ്പരം അദ്ധ്യാപക - അദ്ധ്യാപകേതര നിയമനങ്ങൾ റദ്ദാക്കിയ കൽക്കട്ട ഹൈക്കോടതി നടപടി സുപ്രീംകോടതി സ്റ്രേ ചെയ്തു. മമത സർക്കാരിന്റെ ഹർജിയിലാണ് നടപടി. അതേസമയം, കോഴക്കേസിൽ സി.ബി.ഐ അന്വേഷണം തുടരാം. പക്ഷെ ആരോപണം നേരിടുന്ന സ്ഥാനാർത്ഥികളെയോ, ഉദ്യോഗസ്ഥരെയോ അറസ്റ്റ് ചെയ്യാൻ പാടില്ലെന്ന് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. ഹൈക്കോടതി വിധി സ്റ്രേ ചെയ്തത്, നിയമനം നേടിയ 25,753 പേർക്ക് താത്കാലികമായെങ്കിലും ആശ്വാസമായി. കോഴയിടപാട് നടന്നുവെന്ന് അന്തിമമായി തെളിഞ്ഞാൽ ഹൈക്കോടതി ഉത്തരവ് പുനഃസ്ഥാപിക്കപ്പെടുമെന്നും, നിയമനം നേടിയവർക്ക് ശമ്പളം തിരിച്ചു കൊടുക്കേണ്ടി വരുമെന്നും ചീഫ് ജസ്റ്റിസ് മുന്നറിയിപ്പ് നൽകി. 2016ലെ ബംഗാൾ സ്കൂൾ സർവീസ് കമ്മിഷൻ റിക്രൂട്ട്മെന്റ് മുഖേന നിയമനം നേടിയവർക്കാണ് കൽക്കട്ട ഹൈക്കോടതിയിൽ വൻതിരിച്ചടിയേറ്റിരുന്നത്. ഏപ്രിൽ 29ന് ബംഗാൾ സർക്കാരിന്റെ ഹർജി പരിഗണിച്ചപ്പോൾ, നിയമനങ്ങൾ റദ്ദാക്കിയ കൽക്കട്ട ഹൈക്കോടതി നടപടി സ്റ്റേ ചെയ്യാൻ സുപ്രീംകോടതി വിസമ്മതിച്ചിരുന്നു.
വിശ്വാസം നഷ്ടപ്പെട്ടാൽ
മമത സർക്കാരിന് സുപ്രീംകോടതിയുടെ രൂക്ഷ വിമർശനമാണ് ഉണ്ടായത്.
വ്യവസ്ഥാപിത തട്ടിപ്പാണ് നടന്നിരിക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് നിരീക്ഷിച്ചു. സർക്കാർ ജോലിക്ക് വല്ലാത്ത ദൗർലഭ്യം നേരിടുന്ന കാലമാണ്. സംവിധാനത്തിലുള്ള ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടാൽ എന്താണ് ബാക്കിയുണ്ടാകുകയെന്ന് ബംഗാൾ സർക്കാരിനോട് കോടതി ചോദിച്ചു. നിയമനവുമായി ബന്ധപ്പെട്ട രേഖകൾ ഡിജിറ്റൽ രൂപത്തിൽ സൂക്ഷിക്കാൻ ബംഗാൾ സർക്കാരിന് ഉത്തരവാദിത്തമുണ്ടായിരുന്നു. ഡേറ്റ സൂക്ഷിച്ചതുമായി ബന്ധപ്പെട്ട രേഖകൾ ഒന്നും തന്നെ കാണുന്നില്ല. സർവീസ് പ്രൊവൈഡർ മറ്റൊരു ഏജൻസിയെ ഏൽപ്പിച്ച കാര്യവും സർക്കാർ അറിഞ്ഞില്ല. സർക്കാരിന്റെ മേൽനോട്ടം വേണമായിരുന്നുവെന്നും ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു. ജൂലായ് 16ന് വിഷയം വീണ്ടും പരിഗണിക്കും. നിയമനങ്ങൾ റദ്ദാക്കുകയും, സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്ത കൽക്കട്ട ഹൈക്കോടതിയുടെ നടപടി ഏകപക്ഷീയമാണെന്നാണ് ബംഗാർ സർക്കാരിന്റെ വാദം.