ന്യൂഡൽഹി: ഹരിയാന ബി.ജെ.പി സർക്കാരിലെ മൂന്ന് സ്വതന്ത്ര എം.എൽ.എമാർ പിന്തുണ പിൻവലിച്ച് കോൺഗ്രസിനൊപ്പം പോയി. ഭൂരിപക്ഷം നഷ്ടമായ നയാബ് സിംഗ് സൈനി സർക്കാർ വീണേക്കും. രാഷ്‌ട്രപതിഭരണമോ തിരഞ്ഞെടുപ്പോ ഉടൻ വേണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.
88 അംഗ സഭയിൽ സ്വതന്ത്രർ അടക്കം 47 എം.എൽ.എമാരുടെ പിന്തുണയാണ് സർക്കാരിനുണ്ടായിരുന്നത്. 40 ബി.ജെ.പി എം.എൽ.എമാരും ആറ് സ്വതന്ത്രരും ഹരിയാന ലോക്ഹിത് പാർട്ടിയുടെ ഏക അംഗവും. മൂന്നുപേർ കുറഞ്ഞതോടെ അംഗബലം 44 ആയി. ഭൂരിപക്ഷത്തിന് ഒരാളുടെ കുറവ്. കോൺഗ്രസിന് 32 അംഗങ്ങളുണ്ട്.
സോംബിർ സാങ്‌വാൻ, രൺധീർ ഗൊല്ലൻ, ധരംപാൽ ഗോന്ദർ എന്നിവരാണ് പിന്തുണ പിൻവലിച്ചത്. പ്രതിപക്ഷ നേതാവും ഹരിയാന മുൻ മുഖ്യമന്ത്രിയുമായ ഭൂപീന്ദർ സിംഗ് ഹൂഡ, സംസ്ഥാന കോൺഗ്രസ് അദ്ധ്യക്ഷൻ ഉദയ് ഭാൻ എന്നിവരുടെ സാന്നിദ്ധ്യത്തിൽ വാർത്താ സമ്മേളനത്തിലായിരുന്നു പ്രഖ്യാപനം.
കർഷകരുടെ താത്പര്യം സർക്കാർ സംരക്ഷിക്കാത്തതും തൊഴിലില്ലായ്മയും പണപ്പെരുപ്പവും കൂടിയതും കണക്കിലെടുത്ത് പിന്തുണ പിൻവലിക്കുകയാണെന്ന് രൺധീർ ഗോലൻ പറഞ്ഞു. സൈനി സർക്കാർ രാജിവയ്‌ക്കണമെന്ന് ദയ് ഭാൻ ആവശ്യപ്പെട്ടു.
പ്രതിസന്ധിയുടെ
ആവർത്തനം
2019ൽ തിരഞ്ഞെടുപ്പിന് ശേഷം പത്തംഗ ജെ.ജെ.പിയുമൊത്താണ് ആദ്യം ബി.ജെ.പി സർക്കാർ രൂപീകരിച്ചത്
ഭിന്നതയെ തുടർന്ന് അവർ പിന്തുണ പിൻവലിച്ചു. മുഖ്യമന്ത്രിയായിരുന്ന മനോഹർ ലാൽ ഖട്ടർ രാജിവച്ചു
കഴിഞ്ഞ മേയിൽ മുഖ്യമന്ത്രിയായ സൈനി ആറ് സ്വതന്ത്രരുടെ പിന്തുണയോടെ വിശ്വാസം തെളിയിച്ചു
നിയമസഭാ തിരഞ്ഞെടുപ്പ് ഉടൻ നടത്തണം. ഹരിയാനയിലെ ജനം ബി.ജെ.പിക്ക് എതിരാണ്
- ഭൂപീന്ദർ സിംഗ് ഹൂഡ,
മുൻ കോൺഗ്രസ് മുഖ്യമന്ത്രി