ന്യൂഡൽഹി: ഇന്നലെ മൂന്നാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കെ പ്രധാനമന്ത്രി നരേന്ദ്രമോദിയും കോൺഗ്രസ് മുൻ അദ്ധ്യക്ഷ സോണിയാ ഗാന്ധിയും തമ്മിൽ രൂക്ഷ വാക്‌പോരുണ്ടായി. കോൺഗ്രസ് നേതാക്കൾ ബട്‌ല ഹൗസ് ഭീകരർക്കുവേണ്ടി കരഞ്ഞവരാണെന്നും പ്രീണന രാഷ്ട്രീയമാണ് മുഖമുദ്രയെന്നും മോദി ആരോപിച്ചു. എന്ത് വിലകൊടുത്തും അധികാരമാണ് ബി.ജെ.പി ലക്ഷ്യമെന്നും അതിനായി വിദ്വേഷം വളർത്തുന്നെന്നും വീഡിയോ സന്ദേശത്തിൽ സോണിയ തിരിച്ചടിച്ചു.
സോണിയാ ഗാന്ധിയുടെ ഒരു വീഡിയോ സന്ദേശത്തെ കൂട്ടുപിടിച്ചാണ് തിരഞ്ഞെടുപ്പ് റാലിയിൽ പ്രധാനമന്ത്രി വമർശിച്ചത്. ബട്‌ല ഹൗസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഭീകരരെ ഓർത്ത് പാർട്ടിയുടെ ഏറ്റവും വലിയ നേതാവ് കരഞ്ഞത് രാജ്യം കണ്ടു. അത്തരം ദിവസങ്ങൾ തിരികെ കൊണ്ടുവരാൻ ആഗ്രഹിക്കുന്ന ഇന്ത്യ സഖ്യത്തിന് മുന്നിൽ പാറപോലെ താനുണ്ടെന്നും കൂട്ടിച്ചേർത്തു.
മുംബയ് ഭീകരാക്രമണത്തിലെ പ്രതി അജ്മൽ കസബുമായി ബന്ധപ്പെട്ട് മഹാരാഷ്‌ട്ര പ്രതിപക്ഷ നേതാവ് വിജയ് വഡേത്ത് നടത്തിയ പ്രസ്‌താവനയും മോദി ആയുധമാക്കി. ഭീകരർക്ക് സംസ്ഥാന കോൺഗ്രസ് ക്ലീൻ ചിറ്റ് നൽകിയെന്ന് പറഞ്ഞ മോദി, കോൺഗ്രസ് സർക്കാർ വന്നാൽ രാമക്ഷേത്രത്തിന് അനുകൂലമായ സുപ്രീം കോടതി ഉത്തരവ് മറികടക്കുമെന്ന് രാഹുൽ പറഞ്ഞതായും ആരോപിച്ചു.
താനും കോൺഗ്രസ് പാർട്ടിയും എപ്പോഴും രാജ്യത്തെ ശക്തിപ്പെടുത്താനും എവരുടെയും പുരോഗതി ഉറപ്പാക്കാനും പോരാടുമെന്ന് സോണിയ പറഞ്ഞു. എന്ത് വില കൊടുത്തും അധികാരം നേടുക മാത്രമാണ് ബി.ജെ.പിയുടെ ലക്ഷ്യം. അതേസമയം രാജ്യത്ത് യുവാക്കൾ തൊഴിലില്ലായ്മ അഭിമുഖീകരിക്കുന്നു. സ്ത്രീകൾ അതിക്രമങ്ങൾ സഹിക്കുന്നു, ദളിത്, ആദിവാസി, പിന്നോക്ക വിഭാഗങ്ങൾ തീവ്രമായ വിവേചനം അനുഭവിക്കുന്നു. ഇന്ത്യ സഖ്യവും കോൺഗ്രസും ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധമാണ്.