ന്യൂഡൽഹി: നിയമവാഴ്ചയെ ബഹുമാനിക്കുന്ന ജനാധിപത്യ രാജ്യങ്ങൾ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ ഭീകരരുടെ ഭീഷണിക്ക് വഴങ്ങരുതെന്ന് കാനഡയ്‌ക്ക് ഇന്ത്യയുടെ മുന്നറിയിപ്പ്. അക്രമത്തെ ആഘോഷിക്കുന്നതും മഹത്വവൽകരിക്കുന്നതും പരിഷ്‌കൃത സമൂഹത്തിന് ചേർന്നതല്ലെന്നും
കഴിഞ്ഞ വർഷം കാനഡയിലെ മാൾട്ടണിൽ നടന്ന നഗർ കീർത്തന പരേഡിലെ ഇന്ത്യാ വിരുദ്ധ ഫ്ലോട്ടുകളെക്കുറിച്ചുള്ള മാദ്ധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടിയായി വിദേശകാര്യ മന്ത്രാലയം വക്താവ് രൺധീർ ജയ്‌സ്വാളാണ് ഇക്കാര്യം പറഞ്ഞത്. കാനഡയിലെ ഭീകര സംഘടനകൾ കഴിഞ്ഞ വർഷം, ഒരു മുൻ ഇന്ത്യൻ പ്രധാനമന്ത്രിയുടെ കൊലപാതകം ചിത്രീകരിക്കുന്ന ഒരു ഫ്ലോട്ട് ഒരു ഘോഷയാത്രയിൽ ഉപയോഗിച്ചത് വിദേശകാര്യ മന്ത്രാലയത്തിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. കാനഡയിലുടനീളം ഇന്ത്യൻ നയതന്ത്രജ്ഞരുടെ പോസ്റ്ററുകൾ പ്രദർശിപ്പിച്ച് അക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തി.
കാനഡയിലെ ഇന്ത്യൻ നയതന്ത്ര പ്രതിനിധികളുടെ സുരക്ഷയെക്കുറിച്ച് ആശങ്കയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അവർക്ക് ഭയമില്ലാതെ ജോലിയെടുക്കാനുള്ള സാഹചര്യം കാനേഡിയൻ സർക്കാർ ഉറപ്പാക്കുമെന്ന് പ്രതീക്ഷിക്കുന്നു. ക്രിമിനൽ, വിഘടനവാദ ഘടകങ്ങൾക്കുള്ള പിന്തുണ നിർത്താൻ കാനഡയോട് വീണ്ടും ആവശ്യപ്പെടുന്നു. കാനഡ അത്തരം സംഘടനകൾക്ക് സുരക്ഷിത താവളവും രാഷ്ട്രീയ ഇടവുമായി തുടരരുത്.