s

ന്യൂഡൽഹി: മദ്യനയക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് ഇടക്കാല ജാമ്യം അനുവദിക്കണമോ എന്നതിൽ സുപ്രീംകോടതി നാളെ വിധി പറഞ്ഞേക്കും. ഇന്നലെ മറ്റൊരു കേസിന്റെ വാദത്തിനിടെയാണ് ഇ.ഡിക്കുവേണ്ടി ഹാജരാകുന്ന അഡിഷണൽ സോളിസിറ്റർ ജനറൽ എസ്.വി.രാജുവിനോട് ഇക്കാര്യം സൂചിപ്പിച്ചത്. ഇ.ഡിയുടെ കേസ് ഫയലുകൾ പരിശോധിച്ച ശേഷമായിരിക്കും തീരുമാനം. കേജ്‌രിവാളിന്റെയും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെയും അറസ്റ്റിന് മുൻപ് ഇ.ഡി ഉദ്യോഗസ്ഥർ കേസ് ഡയറിയിൽ രേഖപ്പെടുത്തിയ വിവരങ്ങൾ പരിശോധിക്കുമെന്ന് ജസ്റ്രിസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കർ ദത്ത എന്നിവരുടെ ബെഞ്ച് ചൊവ്വാഴ്ച വ്യക്തമാക്കിയിരുന്നു.

ഇടക്കാല ജാമ്യം നൽകിയാലും കടുത്ത ഉപാധികളുണ്ടാകുമെന്ന് കോടതി സൂചിപ്പിച്ചിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വേണ്ടി മാത്രമാകും ജാമ്യം. ആം ആദ്മിക്ക് ഏറെ പ്രതീക്ഷയുള്ള ഡൽഹിയിൽ 25ന് ആറാംഘട്ടത്തിലാണ് വോട്ടെടുപ്പ്. പഞ്ചാബിൽ അവസാനഘട്ടമായ ജൂൺ ഒന്നിനും. അതുകഴിഞ്ഞ് ജൂൺ 2നുതന്നെ കേജ്‌രിവാളിന് ജയിലിലേക്ക് മടങ്ങേണ്ടി വന്നേക്കും.

വേനലവധിക്ക് 17ന് അടയ്ക്കുന്ന സുപ്രീംകോടതി, ജൂലായ് എട്ടിനേ തുറക്കുകയുള്ളൂ. ഇ.ഡി അറസ്റ്റിനെതിരെയുള്ള കേജ്‌രിവാളിന്റെ ഹർജിയിൽ അതിനു ശേഷമാകും തീർപ്പുണ്ടാക്കുക.

കേജ്‌രിവാൾ മുഖ്യമന്ത്രിയായി തുടരുന്നതിനെ എതിർക്കാതിരുന്ന കോടതി ഇടക്കാല ജാമ്യം ലഭിച്ചാൽ ഫയലുകളിൽ ഒപ്പിടുകയോ മറ്റ് ഭരണകാര്യങ്ങൾ ചെയ്യുകയോ പാടില്ലെന്ന കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതിനോട് കേജ്‌രിവാളിന്റെ അഭിഭാഷകൻ ആദ്യം വിയോജിച്ചെങ്കിലും ഉപാധി അംഗീകരിച്ച് രേഖാമൂലം ഉറപ്പ് നൽകാമെന്ന് സമ്മതിച്ചു.

ഗോവ സ്റ്രാർ ഹോട്ടൽ

താമസം ദുരൂഹം

2022ലെ ഗോവ തിരഞ്ഞെടുപ്പ് സമയത്ത് കേജ്‌രിവാൾ അവിടെ സെവൻ സ്റ്റാർ ഹോട്ടലിൽ താമസിച്ചിരുന്നു. ചെലവിന്റെ പകുതിയും ഇടനിലക്കാരനായ ചൻപ്രീത് സിംഗാണ് വഹിച്ചതെന്ന് ഇ.ഡി കോടതിയെ അറിയിച്ചു. ഗോവ തിരഞ്ഞെടുപ്പ് ചെലവിനായി കോഴപ്പണം കൈകാര്യം ചെയ്തത് ചൻപ്രീതാണെന്നാണ് ആരോപണം. പ്രതിയുടെ അറസ്റ്റ് ഇ.ഡിയും സി.ബി.ഐയും രേഖപ്പെടുത്തിയിരുന്നു. ഇടപാടിൽ കേജ്‌രിവാളിനെതിരെ തെളിവുണ്ടെന്നും അറസ്റ്റ് രാഷ്ട്രീയപ്രേരിതമല്ല, തെളിവുകളുടെ അടിസ്ഥാനത്തിലാണെന്നും അറിയിച്ചു. ഇ.ഡിയുടെ എതിർപ്പും കണക്കിലെടുത്താവും ഇടക്കാല ജാമ്യത്തിൽ സുപ്രീംകോടതി വിധിയെന്ന് നിയമവിദഗ്ദ്ധർ പറയുന്നു.