ലോകത്തെ ഏറ്റവും വലിയ കണ്ടൽക്കാടും കടുവാസങ്കേതവുമായ സുന്ദർബൻസിലെ കാഴ്ചകളിലൂടെയും കഥകളിലൂടെയും...
കേരളത്തിലെപ്പോലെ മനുഷ്യ-മൃഗ സംഘർഷങ്ങളുടെ കഥയാണ് ലോകത്തെ ഏറ്റവും വലിയ കണ്ടൽക്കാടും കടുവാസങ്കേതവും സ്ഥിതി ചെയ്യുന്ന പശ്ചിമബംഗാളിലെ സുന്ദർബൻസിനും പറയാനുള്ളത്. ദത്താ നദിയിൽ നിന്നുള്ള കാറ്റേറ്റ്, പകൽച്ചൂടിൽ വെന്തുരുകിയ കര തണുത്തുകിടന്നു. ഉച്ചയ്ക്ക് പാക്കിറാല ദ്വീപിൽ വന്നപ്പോൾ 44 ഡിഗ്രിയായിരുന്നു ചൂട്. വൈദ്യുതി തടസമുള്ള മുറിയിൽ ഉറക്കം വരാതെ നദിക്കരയിലെ കൽപ്പടവിലേക്ക് നടന്നു. കാറ്റുകൊള്ളാനിറങ്ങിയ ഹോട്ടലുടമ പ്രഫുല്ല കുമാർ മണ്ഡലും കൂട്ടിനെത്തി. കട്ട കമ്മ്യൂണിസ്റ്റാണ്. മലയാളികളോട് വലിയ കാര്യം.
ചീവീടുകളെക്കാൾ ഉച്ചത്തിൽ നദിയിലെ ഓളങ്ങൾ കൽപ്പടവിലെ തൂണുകളിൽ വന്നിടിച്ച് ശബ്ദമുണ്ടാക്കി. ബോട്ടടുപ്പിക്കാൻ കെട്ടിയുണ്ടാക്കിയ കൽപ്പടവാണ്. ഒരുഭാഗം 2022ൽ വീശിയ ജവാദ് ചുഴലിക്കാറ്റിൽ തകർന്നിട്ടുണ്ട്. സുന്ദർബൻസ് ദ്വീപുകളിൽ ദിവസം രണ്ടുതവണ വീതം വേലിയേറ്റവും വേലിയിറക്കവുമുണ്ടാകും. ജലനിരപ്പ് 6-10 അടി ഉയരുകയും അത്രയും തന്നെ താഴുകയും ചെയ്യും. വേലിയേറ്റത്താൽ കരകൾ പെട്ടെന്ന് മുങ്ങും. വേലിയിറക്കമായതിനാലാണ് വെള്ളത്തിൽ മുങ്ങിയ ഭാഗം ദൃശ്യമായത്. ഈ പ്രതിഭാസം കാരണം ജലനിരപ്പനുസരിച്ച് കയറിയിറങ്ങാൻ ബോട്ടു ജെട്ടികളിലെല്ലാം പടവുകളുണ്ട്.
റോയൽ ബംഗാൾ നരഭോജി കടുവകളുടെ ആവാസ കേന്ദ്രമായ സുന്ദർബൻസ് ഒരു ഭീകര സത്വം പോലെ അങ്ങേക്കരയിൽ കറുത്ത നിഴൽവിരിച്ച് നീണ്ടുപരന്നു കിടക്കുന്നു. കേട്ടറിവും അനുഭവങ്ങളും വച്ച് പ്രഫുല്ലദാ സുന്ദർബൻസിന്റെ കഥ വിവരിച്ചു. ബംഗാൾ ഉൾക്കടലിലേക്കുള്ള യാത്രയിൽ ഗംഗ, ബ്രഹ്മപുത്ര, മേഘ്ന നദികൾ കൊണ്ടുവരുന്ന എക്കൽ മണ്ണടിഞ്ഞ് രൂപപ്പെട്ടതാണ് സുന്ദർബൻ. സുന്ദരി (ഹെറിറ്റിയേറ ലിറ്റൊറലിസ്) എന്ന വലിയ ഇനം കണ്ടൽ മരങ്ങളുടെ സാന്നിദ്ധ്യമാണ് സുന്ദർബൻസ് (സുന്ദരവനം) എന്ന പേരിനു കാരണം.
ഗംഗയുടെ കൈവഴികളായ മുരിഗംഗ, സപ്തമുഖി (ബിദദുരി, മാത്ല, റായ്മംഗല, ചിത്യാലി, താക്കുറാണി), മാൾട്ട, ദത്ത, ഗൊസാബ, ഹരിബൻ, വിദ്യ, താകരം തുടങ്ങിയവ നെടുകെയും കുറുകെയും ഒഴുകി കാടിന് ജീവനേകുന്നു. ഉപ്പുവെള്ളവും ചെളിയും നിറഞ്ഞ കണ്ടൽക്കാട് കടുവയെക്കൂടാതെ, വംശനാശഭീഷണി നേരിടുന്ന നിരവധി സസ്യജന്തുജാലങ്ങളുടെയും ആവാസകേന്ദ്രം. ബഫർ മേഖലയിൽ ദ്വീപു നിവാസികൾക്ക് മീൻപിടിത്തം, തേൻ ശേഖരണം, വിറകെടുക്കൽ എന്നിവ അനുവദനീയം. ഉൾക്കാട്ടിൽ പക്ഷേ, വിലക്കുണ്ട്.
തിളങ്ങുന്ന കണ്ണുകൾ
കാടിന്റെ ഇങ്ങേത്തലയ്ക്കൽ വെളിച്ചം കണ്ട ഭാഗത്തേക്ക് പ്രഫുല്ലദാ ടോർച്ച് തെളിച്ചു: ഒന്ന് സജ്നേഖലി ഫോറസ്റ്റ് ഓഫീസ്, മറ്റേത് മുതലകൾ നിറഞ്ഞ കുളം. ഇരുന്നതിന്റെ ഇടതു ഭാഗത്ത് ബംഗ്ളാദേശിൽ നിന്നു വരുന്ന മേഘ്ന നദിയുണ്ട്. പാസ്പോർട്ടും രേഖകളുമില്ലാതെ ബംഗ്ളാദേശികൾ ഇന്ത്യയിലേക്ക് വരുന്ന വഴി.
കാട്ടിൽ ഇപ്പോൾ നൂറോളം കടുവകളുണ്ടെന്ന് പ്രഫുൽദാ പറഞ്ഞു. അവയ്ക്ക് രാത്രി കാഴ്ച കൂടും. കറുത്ത കാട്ടിനുള്ളിൽ നിന്ന് തിളങ്ങുന്ന കണ്ണുകൾ കൂർപ്പിച്ചാൽ ഇങ്ങേക്കരയിലെ ആളുകളെ വരെ കാണാം. ഭയം പുറത്തു കാണിക്കാതെ ചോദിച്ചു: കടുവകളും മുതലകളും ഇങ്ങോട്ടു വരുമോ? ചിരിച്ചുകൊണ്ട്, ഇല്ലെന്ന് പ്രഫുല്ലദായുടെ തലയാട്ടൽ.മഴക്കാലത്ത് മേഘ്നാ നദിയിൽ വെള്ളം പൊങ്ങുമ്പോൾ മുട്ടയിടാൻ ഹിൽസ മീനുകൾ കൂട്ടത്തോടെ വരും. മഴയത്ത് കാട്ടിലെ ഇരതേടൽ ബുദ്ധിമുട്ടായതുകൊണ്ട് ഒന്നാന്തരം നീന്തൽക്കാരായ കടുവകൾ മീൻ പിടിക്കാൻ വെള്ളത്തിലിറങ്ങുമത്രേ. മത്സ്യബന്ധനത്തിനും കാട്ടിൽ തേനും വിറകും ശേഖരിക്കാനും പോകുന്ന ഗ്രാമീണരെയും ആക്രമിക്കും. കടുവ പിടിച്ച് പുരുഷന്മാമാർ കൂട്ടത്തോടെ മരിച്ച് വിധവകളെക്കൊണ്ട് നിറഞ്ഞ 'വിധവാപ്പാഡ" ഗ്രാമത്തെക്കുറിച്ചും അദ്ദേഹം വിവരിച്ചു. അടുത്ത ദിവസം രാവിലെ ആറുമണിക്ക് സുന്ദർബനിലേക്ക് പ്രഫുല്ല ബോട്ട് തയ്യാറാക്കിയിട്ടുണ്ട്. പുലർച്ചെ എഴുന്നേക്കേണ്ടതുകൊണ്ട് മുറിയിലേക്കു മടങ്ങി. അഞ്ചുമണിക്കുണർന്നപ്പോൾ പരക്കെ വെളിച്ചം. പത്തുമിനിട്ടു മുൻപേ തന്നെ ബോട്ട് റെഡി. തമിഴ്നാട്ടിൽ കുറെക്കാലം ജോലി ചെയ്തിട്ടുള്ള 55കാരൻ കൗശിക്കാണ് സ്രാങ്ക്.
കാടിന്റെ ക്രൗര്യം
രാത്രി ഇരുട്ടിൽ നിഴലിച്ചു കിടന്ന സുന്ദർബൻസ്, പ്രഭാതരശ്മികളേറ്റ് പച്ചപ്പുതച്ച മനോഹര കാഴ്ചയായി മാറി. ബോട്ട് അടുക്കുന്തോറും കണ്ടൽക്കാടുകളുടെ സൗന്ദര്യവും കാടിന്റെ തീവ്രതയും കൂടുതലറിഞ്ഞു. 15 മിനിട്ടിൽ സുന്ദർബൻസ് മുന്നിൽ നിറഞ്ഞാടി. വനത്തോട് നിശ്ചിത അകലം പാലിച്ച് ബോട്ട് പതുക്കെ നീങ്ങി. കണ്ടൽമരങ്ങൾ ഇടതിങ്ങിയ കാട്. ഉൾവഴികളിൽ ചളി നിറഞ്ഞ സമതലങ്ങൾ. 'അകത്തുള്ളവർ"പുറത്തേക്കു വരാതിരിക്കാൻ നൈലോൺ വല കെട്ടിയിരിക്കുന്നതു കണ്ടു. ഇതു ഭേദിച്ച് അവർ പുറത്തുവരുമോയെന്ന് സംശയിച്ചു. ഉൾവനത്തിനുള്ളിൽ പോകുന്നവരാണ് ആക്രമിക്കപ്പെടുന്നതെന്ന് കൗശിക് പറഞ്ഞു.
കടുവകളെക്കാൾ അപകടകാരികളായ വന്യമൃഗങ്ങളും വിഷപ്പാമ്പുകളും അനവധിയുണ്ടെന്നും കൗശിക് പറഞ്ഞു. അനധികൃത പ്രവേശനം തടയാൻ വനത്തിനുള്ളിൽ ഫോറസ്റ്റ് ക്യാമ്പുകളുണ്ട്. അവരുടെ കണ്ണുവെട്ടിച്ച് ഉൾക്കാട്ടിൽ പോകുന്നവരെ കടുവകൾ ആക്രമിക്കുന്നതും പതിവ്. വേലിയേറ്റം കാരണം രൂപപ്പെടുന്ന പുതിയ ദ്വീപുകൾ കൈയടക്കാൻ മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള കലഹവും സാധാരണം. നാല് പതിറ്റാണ്ടിനിടെ ആയിരക്കണക്കിന് പ്രദേശവാസികളെ കടുവകൾ കൊന്നിട്ടുണ്ടത്രേ.
കണ്ണീരുമായി 'വിധവപ്പാഡ"
സുന്ദർബൻസിലെ മനുഷ്യ- മൃഗ സംഘർഷങ്ങളുടെ സ്മൃതികുടീരമാണ് ഗൊസാബയ്ക്കു സമീപമുള്ള 'വിധവപ്പാഡ" ഗ്രാമം. ഉൾക്കാട്ടിൽ മീൻപിടിക്കാനും തേൻ ശേഖരിക്കാനും പോയ പുരുഷന്മാരെ കടുവകൾ കൊന്ന് അനാഥരാക്കിയ വിധവകളേറെയുണ്ട് ഇവിടെ. വിധവപ്പാഡ ഗ്രാമം രണ്ടാക്കി രാജംവംശിപ്പാഡ, മണ്ഡൽപ്പാഡ എന്ന പേരിലാണിപ്പോൾ. സുന്ദർബൻ ദ്വീപുകളിൽ ഏകദേശം മൂവായിരം 'ബഗ്- ബിധോബ"കൾ (കടുവ മൂലം വിധവകളായവർ) ഉണ്ട്. ഓരോ വർഷവും 30-50 പേർ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്നു. മൃതദേഹങ്ങൾ പോലും കണ്ടുകിട്ടാറില്ല (ചിലപ്പോൾ മുതലകളും വിഷപ്പാമ്പുകളുമാകും വില്ലന്മാർ). മേഖലയിൽ മത്സ്യബന്ധനത്തിനും തേൻശേഖരിക്കാനും പ്രത്യേക ലൈസൻസ് നൽകുന്നതിനാൽ അനധികൃതമായി കയറിയെന്നു പറഞ്ഞ് നഷ്ടപരിഹാരവും നിഷേധിക്കാറുണ്ട്. വനംവകുപ്പിൽ അർഹമായ കരാർ ജോലിയും ഇവർക്ക് കിട്ടാറില്ല. പോരെങ്കിൽ, ശകുനപ്പിഴകളാക്കി ഒറ്റപ്പെടുത്തലും! കുട്ടികളെയും പ്രായമായ അംഗങ്ങളെയും പരിപാലിക്കാൻ പാടുപെടുന്നു.
വിധവകളായ സരസ്വതി ഔലിയയ്ക്കും സരോജിനി മൊണ്ടലിനും കൽക്കത്ത ഹൈക്കോടതി അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ചത് അടുത്തിടെ. വിധവാ വെൽഫെയർ സൊസൈറ്റി അടക്കം സംഘടനകൾ ഇവരുടെ സഹായത്തിനുണ്ട്. നിരവധി പേർ ഗ്രാമം വിട്ട് കൊൽക്കത്ത പോലുള്ള നഗരങ്ങളിൽ ജോലി ചെയ്യുന്നു.
ലോക്ക്ഡൗൺ കാലത്ത് കേരളത്തിൽ നിന്നടക്കം മടങ്ങിവന്നവർ മറ്റു ജോലിയില്ലാത്തതിനാൽ അനുഭവപരിചയമില്ലാതെ കാട്ടിനുള്ളിൽ പോയി കടുവകൾക്കും മുതലകൾക്കും ഇരയായിട്ടുണ്ട്. കുമിർമാരിയിൽ നാലു വയസ്സുള്ള മകനൊപ്പം താമസിക്കുന്ന അഷ്ടമി മൊണ്ടലിന്റെ ഭർത്താവ് ഹരിപദ കേരളത്തിൽ നിന്ന് അവധിക്കെത്തി സുഹൃത്തുക്കൾക്കൊപ്പം മത്സ്യബന്ധനത്തിനു പോയപ്പോഴാണ് കടുവ കൊന്നത്.
ദ്വീപിലെ മിക്കവാറും എല്ലാവീട്ടുകാർക്കും പഴയതും പുതിയതുമായ സ്വാമി ഖെജോകളുടെ (ഭർത്താക്കന്മാരെ ആക്രമിച്ച കടുവ) കഥ പറയാനുണ്ട്. എന്നിട്ടും ഇപ്പോഴും ആളുകൾ ജീവൻ പണയപ്പെടുത്തി ഉൾവനത്തിൽ അനധികൃതമായി പ്രവേശിക്കുന്നു. ബഫർ മേഖലയെക്കാൾ ഉൾവനത്തിലെ പുഴകളിൽ മീനുകൾ ധാരാളമുണ്ട്. കാട്ടുതേനിന് ഡിമാൻഡുള്ളതും പ്രേരണയാകുന്നു. ജനവാസ ദ്വീപുകളും കാടുകളും അടുത്തയായതിനാൽ ഫോറസ്റ്റുകാരുടെ കണ്ണുവെട്ടിക്കാൻ എളുപ്പം.
ഹിന്ദു-മുസ്ളിം വ്യത്യാസമില്ലാതെ ആരാധിക്കുന്ന സുന്ദർബൻസിന്റെ വനദേവത ബൻബീബിയുടെ ഉത്തരവ് ലംഘിക്കുന്നവരാണ് കൊല്ലപ്പെടുന്നതെന്ന വിശ്വാസവുമുണ്ട്. ബൻബീബി മൃഗങ്ങൾക്കും മനുഷ്യർക്കുമായി കാടും നാടും വീതിച്ചുനൽകിയ ശേഷം പരസ്പരം കടന്നുകയറരുതെന്ന് പറഞ്ഞിട്ടുണ്ടത്രേ.
സജ്നേഖലി വന്യസങ്കേതം
ഒരു റൗണ്ട് ചുറ്റി, ബോട്ട് റിസർവ് വനത്തിന്റെ വടക്കു ഭാഗത്ത് രാത്രി പ്രഫുല്ല കാണിച്ച സജ്നേഖലി ഫോറസ്റ്റ് ഓഫീസിനു മുന്നിലെത്തി. സുന്ദർബൻസ് എന്ന വലിയ ബോർഡ് കാണാം. സജ്നേഖലി വൈൽഡ് ലൈഫ് സാങ്ച്വറിയാണ്. ബോട്ടടുപ്പിച്ച് പടവുകൾ കയറിച്ചെന്നു. 50 രൂപ പ്രവേശനഫീസ്. ഓഫ് സീസൺ ആയതിനാൽ ജീവനക്കാർ അലസരായി ഇരിപ്പുണ്ട്. കാടിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അവിടെ നിന്ന് അറിഞ്ഞു. സുന്ദർബൻസിന് പേരു സമ്മാനിച്ച സുന്ദരി മരങ്ങളെ സജ്നേഖലിയിൽ കണ്ടു. മഴക്കാലത്ത് വെള്ളക്കെട്ട് രൂപപ്പെടുമ്പോൾ മുകളിലേക്കുയരുന്ന ന്യുമാറ്റോഫോറുകൾ എന്ന പ്രത്യേക വേരുകൾ ഉപയോഗിച്ച് ശ്വസിക്കാൻ കഴിവുള്ള വൃക്ഷം.
ക്രൂയിസ് സഫാരി
പിണഞ്ഞുകിടക്കുന്ന കണ്ടൽക്കാടുകൾക്കിടയിലൂടെ ബോട്ട് സഫാരിക്കായി വിനോദ സഞ്ചാരികളെത്താറുണ്ട്. ചൂടു കുറഞ്ഞ സെപ്തംബർ മുതൽ മാർച്ച് വരെയാണ് അനുയോജ്യം. കൊൽക്കത്തയിൽ നിന്ന് റോഡ് മാർഗമെത്താം. കാനിംഗ് വരെ ട്രെയിനുണ്ട് (ബ്രിട്ടീഷ് വൈസ്രോയി കാനിംഗ് പ്രഭു തുറമുഖം നിർമ്മിക്കാൻ ശ്രമിച്ച സ്ഥലം). ഘട്ട്ഗലിയിൽ നിന്ന് ഗോസാബയിലേക്കും അവിടെ നിന്ന് സുന്ദർബനിലേക്കും പശ്ചിമ ബംഗാൾ ടൂറിസം വികസന കോർപ്പറേഷന്റെ ഫെറി സർവീസ് പിടിക്കാം. കൂടുതൽ തുക നൽകി സ്വകാര്യ ബോട്ടുകളും വാടകയ്ക്കെടുക്കാം. ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുന്ന ചുഴലിക്കാറ്റുകൾ സുന്ദർബൻസിന്റെ പേടിസ്വപ്നമാണ്. 2007ൽ സിദ്ർ ചുഴലിക്കാറ്റ് ദ്വീപുകളിൽ വൻ നാശമുണ്ടാക്കി. ഉപ്പുവെള്ളം നിറഞ്ഞ് കൃഷിയിടങ്ങൾ നശിച്ചു. രണ്ടുമൂന്നു വർഷമെടുത്താണ് ഗ്രാമം പഴയ രൂപം കൈവരിച്ചത്.കാട്ടിൽ കുറേ കറങ്ങിയെങ്കിലും 'പ്രതീക്ഷിച്ചവരെ"കണ്ടില്ല. വെയിലിന് ചൂടു കൂടിയതോടെ മടങ്ങാമെന്നു കരുതി. രാവിലെ ബോട്ടു കയറിയ സ്ഥലത്ത് തിരികെയെത്തിയപ്പോൾ വെള്ളം വലിഞ്ഞിരിക്കുന്നു. ബോട്ടിറങ്ങി ചളിയിലൂടെ നടന്ന് ഹോട്ടലിലേക്ക് നടക്കവെ ഒരിക്കൽക്കൂടി തിരിഞ്ഞുനോക്കി. സഞ്ചാരിയെ മോഹിപ്പിക്കുന്ന സുന്ദരാനുഭവമായി സുന്ദർബൻസിന്റെ വിദൂരദൃശ്യം.
കണ്ടലിന്റെ അദ്ഭുത ലോകം
ഇന്ത്യയിലും ബംഗ്ളാദേശിലുമായി ഏകദേശം 10,27,700 ഹെക്ടർ പരന്നു കിടക്കുന്ന സുന്ദർബൻസ് ലോകത്തിലെ ഏറ്റവും വലിയ തീരദേശ കണ്ടൽ വനമാണ്. കൂടുതലും ബംഗ്ളാദേശിലാണ് ( 6,01,700 ഹെക്ടർ). ഇന്ത്യയിൽ നോർത്ത് 24 പർഗനാസ് ജില്ലയിൽ 4,26,000 ഹെക്ടർ. ഇന്ത്യയിലെ സുന്ദർബൻസിൽ 102 ദ്വീപുകളുണ്ട്. ജനവാസം 54 ദ്വീപുകളിൽ മാത്രം.
വേലിയേറ്റവും വേലിയിറക്കവും ചിലയിടങ്ങളിൽ കാടുകളെ വെള്ളത്തിൽ മുക്കും. അതുപോലെ ഇറങ്ങുകയും ചെയ്യും. പ്രകൃതിയുടെ ഈ വികൃതിയിൽ എക്കൽ നിക്ഷേപിക്കപ്പെട്ട് പുതിയ ദ്വീപുകളും അരുവികളും സൃഷ്ടിക്കപ്പെടുന്നു. ജനവാസ ദ്വീപുകളിൽ ഗോസബയാണ് മുഖ്യം. കൊൽക്കത്തയിൽ നിന്ന് വരുമ്പോൾ ഘട്ട്ഗലിയിൽ നിന്ന് ബോട്ടിൽ കയറി ആദ്യമെത്തുന്ന ഇടം. ഷോപ്പിംഗ് കേന്ദ്രങ്ങളും ഹോട്ടലുകളും റിസോർട്ടുകളും സ്കൂളുകളും ആശുപത്രികളും സർക്കാർ സ്ഥാപനങ്ങളുമൊക്കെയുണ്ട്.
സുന്ദർബൻസിലെ ജന്തുജാലം
കൃഷ്ണപ്പരുന്ത് അഥവാ ചെമ്പരുന്ത് (Brahmini Kite), നദികളിലും ശുദ്ധജല തടാകങ്ങളിലും ജീവിക്കുന്ന ചെറിയ വെള്ളാമ (River Terrapin), കാട്ടുപൂച്ച (Jungle Cat), വാൾ കൊക്കൻ (വാൾ പോലെ നീണ്ടു വളഞ്ഞ കൊക്കുള്ളത്- Eurasian Curlew), മീൻപിടിയിൻ പൂച്ച (Fishing Cat)
കാട്ടുപന്നി (Wild Boar), വെള്ളവയറൻ കടൽപ്പരുന്ത് (White Bellied Sea Eagle), കരിന്തലയൻ പൊന്മാൻ (Black Caped Kingfisher), വയൽനായ്ക്കൻ കൊറ്റി (Lesse Adjutant Stork), കടൽമുതല, ഉപ്പുവെള്ള മുതല, അഴിമുതല (Salt water Crocodile)
മലനീർനായ (Small Clawed Otter), ഒലിവ് റിഡ് ലി ആമ (Olive Ridley Turtle), പുള്ളിമാൻ (Spotted Deer), റോയൽ ബംഗാൾ കടുവ (Tiger), വാട്ടർ മോണിറ്റർ- ഭീമൻ പല്ലി (Water Monitor), പുലിപ്പൂച്ച (Leopard Cat).
വിഷപ്പാമ്പുകൾ: രാജവെമ്പാല, സാധാരണ മൂർഖൻ, അണലി, വെള്ളിക്കെട്ടൻ, കൊളുത്തിന്റെ മൂക്കുള്ള കടൽപ്പാമ്പ്
വിഷമില്ലാത്തവ: പെരുമ്പാമ്പ്, പച്ചിലപ്പാമ്പ്, ചേര, നായ മുഖമുള്ള വെള്ളപ്പാമ്പ്.
സസ്യജാലം
വള്ളിക്കണ്ടൽ (Garjan), ഞെട്ടിപ്പന (Golpata), ചക്കരക്കണ്ടൽ, ബ്ലാത്തിക്കണ്ടൽ (Keora), കണ്ണാംപൊട്ടി, കടപ്പാല (Genva), കരിങ്കണ്ടൽ (Khalsi), സുന്ദരിക്കണ്ടൽ (Kakra), നീർപ്പന്നൽച്ചെടി (Mangrove
fern), ടോറാ കണ്ടൽ (Ora), ചുള്ളിക്കണ്ടൽ (Hargoja), മഞ്ഞക്കണ്ടൽ (Math Garan), ധനിപ്പുല്ല് (Dhani Grass), പാമ്പിൻ വാൽ ചെടി (Snake Tail)