vaccine

ന്യൂഡൽഹി : അപൂർവ്വമായി പാർശ്വ ഫലങ്ങളുണ്ടാക്കുമെന്ന വെളിപ്പെടുത്തലിന് പിന്നാലെ കൊവിഡ് വാക്സിൻ AZD1222 (ഇന്ത്യയിൽ കൊവിഷീൽഡ്) ലോകമെമ്പാടും മാർക്കറ്റിൽ നിന്ന് പിൻവലിച്ച് യു.കെ മരുന്നു കമ്പനി ആസ്ട്രാസെനേക.

'വാണിജ്യ കാരണങ്ങളാലാണ്' പിൻവലിച്ചതെന്നാണ് കമ്പനി പറയുന്നത്. തീരുമാനം യുറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ ചൊവ്വാഴ്ച പ്രാബല്യത്തിൽ വന്നു. ഇന്ത്യൻ മാർക്കറ്റിൽ നിന്ന് പിൻവലിക്കാനും നടപടികൾ തുടങ്ങി.

കോടതി കേസുകൾക്കും, വെളിപ്പെടുത്തലുകൾക്കും വാക്സിൻ പിൻവലിക്കലുമായി ബന്ധമില്ലെന്ന് കമ്പനി പറയുന്നു. വാക്സിന് ഡിമാൻഡ് കുറഞ്ഞതും, കൊവിഡിന്റെ പുതിയ വകഭേദങ്ങളെ തടയാൻ പരിഷ്കരിച്ച വാക്സിനുകൾ എത്തിയതുമാണ് കാരണം.

മസ്തിഷ്‌കാഘാതം, ഹൃദയാഘാതം എന്നിവയ്ക്ക് അപൂർവ്വമായി വാക്‌സിൻ കാരണമാകാമെന്ന് ആസ്ട്രാസെനെക യു.കെ ഹൈക്കോടതിയെ അറിയിച്ചിരുന്നു. രക്തം കട്ടപിടിക്കുകയും​ രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം കുറയുകയും ചെയ്യുന്ന ടി.ടി.എസ് (ത്രോംബോസിസ് വിത്ത് ത്രോംബോസൈറ്റോപെനിയ സിൻഡ്രോം) എന്ന മെഡിക്കൽ അവസ്ഥയ്‌ക്കും സാദ്ധ്യതയുണ്ടെന്നും വ്യക്തമാക്കി.

 2021ൽ നിർത്തിയെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട്

ഇന്ത്യയിൽ 2021 ഡിസംബറിൽ കൊവിഷീൽഡ് ഉത്പാദനം നിർത്തിയെന്നാണ് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇന്ത്യയുടെ വിശദീകരണം. വൈറസിന്റെ പുതിയ വേരിയന്റുകൾ വന്നപ്പോൾ വാക്സിന്റെ ഡിമാൻഡ് ഇടിഞ്ഞതിനാലാണ് നിർത്തിയത്. വാക്‌സിൻ ലോകത്താകെ ദശലക്ഷക്കണക്കിന് പേരുടെ ജീവൻ രക്ഷിച്ചു. അപൂർവ്വമായി പാർശ്വഫലങ്ങൾ ഉണ്ടാകാമെന്ന് പാക്കേജിംഗിൽ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിൽ 175 കോടി ഡോസ് ഉപയോഗിച്ചെന്നാണ് കണക്ക്.

 രണ്ടുവർഷമായി വാക്സിൻ വാങ്ങിയിട്ടില്ല

രണ്ടുവർഷമായി ഒരു കമ്പനിയുടെയും കൊവിഡ് വാക്സിൻ കേന്ദ്രസർക്കാർ വാങ്ങിയിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം സൂചിപ്പിച്ചു. ഉടനെങ്ങും വാങ്ങുന്നുമില്ല. കൊവിഷീൽഡിന്റെ പാർശ്വഫലങ്ങൾ പഠിക്കാൻ റിട്ട. സുപ്രീംകോടതി ജഡ്ജിയുടെ മേൽനോട്ടത്തിൽ മെഡിക്കൽ വിദഗ്ദ്ധരുടെ സമിതി രൂപീകരിക്കണമെന്ന പൊതുതാത്പര്യഹർജി സുപ്രീംകോടതിക്ക് മുന്നിലുണ്ട്. കുത്തിവയ്പ്പ് കാരണം മരിച്ചവരുടെ കുടുംബങ്ങൾക്കും പാർശ്വഫലങ്ങൾക്ക് ഇരയായവർക്കും നഷ്ടപരിഹാരം നൽകാൻ കേന്ദ്രസർക്കാരിനോട് നിർദ്ദേശിക്കണമെന്നാണ് ഹർജിക്കാരനായ അഡ്വ. വിശാൽ തിവാരിയുടെ ആവശ്യം.