supreme-court

 ദയാവധത്തിലും വാദമില്ല

ന്യൂഡൽഹി : തെരുവുനായ്ക്കളുടെ ജനന നിയന്ത്രണവുമായി ബന്ധപ്പെട്ട കേരളത്തിന്റെ ആവശ്യങ്ങളിൽ ഇടപെടാതെ സുപ്രീംകോടതി. തെരുവുനായ പ്രശ്നം പരിഹരിക്കാൻ രൂപീകരിച്ച 2023ലെ കേന്ദ്ര എ.ബി.സി ചട്ടങ്ങളിൽ വാദം കേൾക്കില്ല. ഹൈക്കോടതിയെ സമീപിക്കാനും ജസ്റ്രിസുമാരായ ജെ.കെ. മഹേശ്വരി, സഞ്ജയ് കരോൽ എന്നിവരടങ്ങിയ ബെഞ്ച് നിർദ്ദേശിച്ചു. ദയാവധത്തിന് അനുമതി തേടി കണ്ണൂർ ജില്ലാ പഞ്ചായത്തും,​ എതിർപ്പുന്നയിച്ച് മൃഗസ്നേഹികളും സമർപ്പിച്ച ഒരുകൂട്ടം ഹർജികൾ വിധി പറയാൻ മാറ്റി. അക്രമകാരികളായ നായ്ക്കളെ കൊല്ലാൻ തദ്ദേശനിയമം അധികാരം നൽകുന്നുണ്ട്. എന്നാൽ, 2023ലെ ചട്ടങ്ങളിൽ വന്ധ്യംകരണം,​ പ്രതിരോധ കുത്തിവയ്പ് എന്നിവയാണ് വ്യവസ്ഥ ചെയ്തിരിക്കുന്നത്. ഈ വൈരുദ്ധ്യമാണ് സംസ്ഥാനം ചൂണ്ടിക്കാട്ടിയത്.

പുതിയ എ.ബി.സി ചട്ടങ്ങൾ പ്രഥമദൃഷ്ട്യാ ഏതു സാഹചര്യവും നേരിടാൻ പര്യാപ്തമാണെന്ന് കോടതി പറഞ്ഞു. കേരള, കർണാടക, ബോംബെ ഹൈക്കോടതികൾ പരിഗണിച്ചത് 2001ലെ ചട്ടങ്ങളുമായി ബന്ധപ്പെട്ട് ഉയർന്ന പ്രശ്നങ്ങളാണ്. പുതിയതിലെ ശരിതെറ്രുകൾ ഈ ഘട്ടത്തിൽ പറയുന്നില്ലെന്നും വ്യക്തമാക്കി.

പുതിയചട്ടം പോരായ്മ പരിഹരിക്കാൻ

 തെരുവുനായ പ്രശ്നപരിഹാരം ഏതുരീതിയിൽ വേണമെന്ന് കൃത്യമായ വ്യവസ്ഥ 2001ലെ ചട്ടത്തിൽ ഇല്ലായിരുന്നു. ഇത് പരിഹരിച്ചാണ് 2023ലേത്

നടപ്പാക്കൽ ചുമതല സംസ്ഥാന, ജില്ലാ, മുനിസിപ്പാലിറ്റി തലത്തിലെ എ.ബി.സി മേൽനോട്ട സമിതികൾക്ക്

തെരുവുനായ - മനുഷ്യ സംഘർഷമുണ്ടായാൽ ഉത്തരവാദിത്വം തദ്ദേശസ്ഥാപനങ്ങൾക്കെന്നും വ്യവസ്ഥ