ന്യൂഡൽഹി: ലാവ് ലിൻ കേസ് ഇന്നലെ ലിസ്റ്റ് ചെയ്തിരുന്നെങ്കിലും സുപ്രീംകോടതി പരിഗണിച്ചില്ല.35ാമത്തെ തവണയാണ് മാറ്റിവയ്ക്കുന്നത്. അന്തിമവാദത്തിനായി 111ാമത്തെ കേസായി പട്ടികയിലുണ്ടായിരുന്നു. മറ്റു കേസുകളുടെ വാദങ്ങൾ നീണ്ടുപോയതിനാൽ പരിഗണിച്ചില്ല.
രണ്ടാഴ്ചയ്ക്കിടെ നാലാം തവണയാണ് മാറിപോകുന്നത്. ബുധനാഴ്ചയും, മേയ് ഒന്ന് - രണ്ട് തീയതികളിലും സമാനമായിരുന്നു സാഹചര്യം. മേയ് 17ന് മദ്ധ്യവേനൽ അവധിക്കായി അടയ്ക്കുന്ന സുപ്രീംകോടതി, ജൂലായ് എട്ടിനാണ് വീണ്ടും തുറക്കുന്നത്. അതിനാൽ അന്തിമതീർപ്പ് ഇനിയും നീണ്ടുപോകും. മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ ഊർജ്ജ സെക്രട്ടറി കെ. മോഹനചന്ദ്രൻ, മുൻ ജോയിന്റ് സെക്രട്ടറി എ. ഫ്രാൻസിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സി.ബി.ഐ സമർപ്പിച്ച അപ്പീലിലാണ് അന്തിമവാദം കേൾക്കേണ്ടത്. പ്രതിപട്ടികയിൽ നിന്ന് തങ്ങളെയും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.ഇ.ബി. മുൻ ഉദ്യോഗസ്ഥരായ ആർ. ശിവദാസ്, കെ.ജി. രാജശേഖരൻ എന്നിവരും ഹർജി സമർപ്പിച്ചിട്ടുണ്ട്.