s

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് ഇടക്കാല ജാമ്യം അനുവദിക്കണമോ എന്നതിൽ സുപ്രീംകോടതിയുടെ നിർണായക തീരുമാനം ഇന്നുണ്ടായേക്കും. അതിനിടെ കേജ്‌രിവാളിന് ജാമ്യം അനുവദിക്കരുതെന്ന് ആവശ്യമുന്നയിച്ച് ഇ.ഡി വീണ്ടും ഇന്നലെ സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. പ്രചാരണത്തിനിറങ്ങാനുള്ള അവകാശം മൗലികാവകാശമെന്നല്ല, നിയമപരമായ അവകാശം പോലുമല്ലെന്ന് ഇ.ഡി അറിയിച്ചു.

മദ്യനയക്കേസിലെ ഇ.ഡി അറസ്റ്റിനെ ചോദ്യം ചെയ്ത് കേജ്‌രിവാൾ സമർപ്പിച്ച ഹർജിയിൽ വാദമുഖങ്ങൾ നീണ്ടപ്പോഴാണ് ഇടക്കാല ജാമ്യം നൽകണമോയെന്നത് പരിഗണിക്കാൻ ജസ്റ്രിസ് സഞ്ജീവ് ഖന്ന അദ്ധ്യക്ഷനായ ബെഞ്ച് സ്വമേധയാ തീരുമാനിച്ചത്. ഇന്ന് ഉത്തരവിട്ടേക്കുമെന്ന് ബുധനാഴ്‌ച സൂചന നൽകിയിരുന്നു. എന്നാൽ, കോടതിയുടെ നിലപാടിനെ അതിശക്തമായാണ് കഴിഞ്ഞദിവസങ്ങളിൽ ഇ.ഡി എതിർത്തത്. കേന്ദ്രഏജൻസിക്ക് വേണ്ടി അഡിഷണൽ സോളിസിറ്രർ ജനറൽ എസ്.വി. രാജു വാദം പറഞ്ഞിരുന്ന കേസിൽ, സോളിസിറ്റർ ജനറൽ തുഷാർ മേത്തയും വാദമുഖങ്ങൾക്ക് മൂർച്ച കൂട്ടിയിരുന്നു. ഇന്ന് 50-ാമത്തെ കോസായി പരിഗണിക്കുമ്പോഴും കടുത്ത എതിർപ്പ് ഉന്നയിക്കും.

 ഇ.ഡി വാദം

1. സാധാരണ പൗരനിൽ നിന്ന് വ്യത്യസ്തമായി ഉന്നതനാണെന്ന് അവകാശപ്പെടാൻ രാഷ്ട്രീയനേതാവിന് കഴിയില്ല

2. സ്ഥാനാർത്ഥിയാണെങ്കിലും തിരഞ്ഞെടുപ്പിന്റെ പേരിൽ ജാമ്യം നൽകാൻ കഴിയില്ല

3. കീഴ്‌വഴക്കമാകും. രാഷ്ട്രീയക്കാർ കുറ്റകൃത്യം ചെയ്താലും തിരഞ്ഞെടുപ്പിന്റെ പേരും പറഞ്ഞ് അന്വേഷണത്തിൽ നിന്ന് രക്ഷപ്പെടുന്ന സാഹചര്യമുണ്ടാകും

4. ജയിലിൽ കിടന്നും നേതാക്കൾ തിരഞ്ഞെടുപ്പിനെ നേരിട്ടിട്ടുണ്ട്

 ഇന്ന് കുറ്രപത്രം സമർപ്പിച്ചേക്കും

മദ്യനയക്കേസിൽ കേജ്‌രിവാളിനെ പ്രതിപ്പട്ടികയിലുൾപ്പെടുത്തി ഇ.ഡി ഇന്ന് ഡൽഹി റോസ് അവന്യു കോടതിയിൽ കുറ്റപത്രം സമർപ്പിച്ചേക്കും. ഇതാദ്യമായാണ് ഇ.ഡി കേസിൽ കേജ്‌രിവാളിനെതിരെ കുറ്റപത്രം വരുന്നത്. കോഴയിടപാടിലെ മുഖ്യആസൂത്രകൻ എന്ന ആരോപണമാണ് കേജ്‌രിവാൾ. ബി.ആർ.എസ് നേതാവ് കെ.കവിതയുടെ പേരും കുറ്റപത്രത്തിലുണ്ടാകുമെന്നാണ് സൂചന. 60 ദിവസത്തിനകം കുറ്രപത്രം സമർപ്പിച്ച് വിചാരണാ നടപടികൾക്ക് തുടക്കമിടാനാണ് ശ്രമം. മാർച്ച് 15ന് കവിതയെയും 21ന് കേജ്‌രിവാളിനെയും ഇ.ഡി കസ്റ്രഡിയിലെടുക്കുകയായിരുന്നു.