ന്യൂഡൽഹി: ബി.ജെ.പിയെ പ്രതിരോധിക്കാൻ 2019ൽ മത്സരിച്ച 101 സീറ്റുകൾ സഖ്യകക്ഷികൾക്ക് നൽകിയതോടെ കോൺഗ്രസിനുള്ളത് 328 സ്ഥാനാർത്ഥികൾ മാത്രം.
ഗുജറാത്തിലെ സൂററ്റിൽ പത്രിക തള്ളുകയും, മദ്ധ്യപ്രദേശിലെ ഇൻഡോറിൽ സ്ഥാനാർത്ഥിയെ പിൻവലിക്കുകയും ചെയ്തതോടെയാണ് കോൺഗ്രസ് 328ൽ ഒതുങ്ങിയത്. സഖ്യകക്ഷികൾക്ക് പ്രാധാന്യം നൽകിയതിനാൽ 12 സംസ്ഥാനങ്ങളിലാണ് സീറ്റുകൾ കുറഞ്ഞത്. പാർട്ടിക്ക് ശക്തിയുള്ള ഒമ്പത് സംസ്ഥാനങ്ങളിലും സഖ്യ കക്ഷികൾക്ക് ഒന്നോ രണ്ടോ സീറ്റുകളും നൽകി.
2019ൽ 80 സീറ്റുകളിൽ 67 എണ്ണത്തിലും മത്സരിച്ചെങ്കിലും സോണിയാഗാന്ധിയിലൂടെ റായ്ബറേലിയിൽ മാത്രമാണ് ജയിച്ചത്. ഇത്തവണ സമാജ്‌വാദി പാർട്ടിയുമായി സഖ്യത്തിൽ മത്സരിക്കുന്നത് അമേഠിയും റായ്ബറേലിയുമടക്കം 17 സീറ്റുകളിൽ മാത്രം. മഹാരാഷ്ട്രയിൽ 2019ൽ എൻ.സി.പി മാത്രമായിരുന്നെങ്കിൽ ഇക്കുറി ശിവസേനയും(ഉദ്ധവ്) ഉള്ളതിനാൽ വിട്ടുവീഴ്‌ച അനിവാര്യമായി. അതിനാൽ കഴിഞ്ഞ തവണത്തെ 25ൽ നിന്ന് 17 സീറ്റിലേക്കൊതുങ്ങി
ഡൽഹിയിൽ കഴിഞ്ഞ തവണ ഏഴ് സീറ്റുകളിലും മത്സരിച്ച കോൺഗ്രസ് ആംആദ്‌മി പാർട്ടിയുമായുള്ള ധാരണയുടെ അടിസ്ഥാനത്തിൽ നോർത്ത് ഈസ്റ്റ് ഡൽഹി, നോർത്ത് വെസ്റ്റ് ഡൽഹി, ചാന്ദ്‌നി ചൗക്ക് എന്നിവിടങ്ങളിൽ മാത്രമാണ് ഇത്തവണ മത്സരിക്കുന്നത്. ആപ്പുമായുള്ള സഖ്യത്തിനായി ഹരിയാന (കുരുക്ഷേത്ര), ഗുജറാത്ത് (ഭാവ്‌നഗർ, ബറൂച്ച്) സംസ്ഥാനങ്ങളിലും വിട്ടുവീഴ്‌ച ചെയ്‌തു. ആന്ധ്രയിൽ സി.പി.എമ്മിനും സി.പി.ഐക്കും രണ്ട് സീറ്റ് (അരകു, ഗുണ്ടൂർ) നൽകി. അസാമിലെ ദിബ്രുഗഢ് പ്രാദേശിക പാർട്ടിയായ അസാം ദേശീയ പരിഷത്തിന് കൊടുന്നു.
ഫോർവേഡ് ബ്ലോക്കിനും പിന്തുണ
മദ്ധ്യപ്രദേശിൽ സമാജ്‌വാദി പാർട്ടിക്ക് നൽകിയ ഖജുരാഹോ സീറ്റിൽ സ്ഥാനാർത്ഥിയുടെ പത്രിക തള്ളിയതിനെ തുടർന്ന് 'ഇന്ത്യ"കൂട്ടായ്‌മയിലെ ഫോർവേഡ് ബ്ലോക്കിനെ പിന്തുണയ്‌ക്കുയാണ് കോൺഗ്രസ്. രാജസ്ഥാനിൽ സിക്കർ സി.പി.എമ്മിനും, നാഗൗർ ഹനുമാൻ ബേനിവാളിന്റെ ആർ.എൽ.പിക്കും, ബൻസ്വാര ഭാരത് ആദിവാസി പാർട്ടിക്കും (ബി.എ.പി) കോൺഗ്രസ് നൽകി. രാജസ്ഥാനിലെ ബൻസ്വാരയിൽ ബി.എ.പിയുമായി സഖ്യമുണ്ടാക്കിയെങ്കിലും പാർട്ടി സ്ഥാനാർത്ഥിയായി പത്രിക സമർപ്പിച്ച അരവിന്ദ് ദാമോർ മത്സരരംഗത്ത് തുടരുകയാണ്. പാർട്ടി ഔദ്യോഗികമായി ബി.എ.പിയുടെ രാജ്കുമാർ റോട്ടിനെയാണ് പിന്തുണയ്‌ക്കുന്നത്.
ത്രിപുരയിൽ ത്രിപുര ഈസ്റ്റ് സീറ്റ് മണ്ഡലം സി.പി.എമ്മിന് നൽകി. മിസോറാമിൽ ഒറ്റ സീറ്റിലേക്ക് ഒതുങ്ങി.
കോൺഗ്രസിന്റെ ലോക്‌സഭാ സ്ഥാനാർത്ഥി ചരിത്രം
2004- 417
2009- 440
2014- 464
2019- 421
സംസ്ഥാനം...................2019ലെ സീറ്റ്.........2024
ഉത്തർപ്രദേശ്............... 67........................17
പശ്ചിമ ബംഗാൾ..........40..........................14
മഹാരാഷ്ട്ര.................25...........................17
കർണാടക...................21...........................28
ഒഡീഷ.........................18.............................20
ജമ്മു കാശ്‌മീർ..........5.................................3
ഡൽഹി.....................7.................................3