s

ന്യൂഡൽഹി : ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജർ കൊല്ലപ്പെട്ട കേസിൽ മൂന്ന് ഇന്ത്യക്കാരെ അറസ്റ്റ് ചെയ്തെന്ന വിവരം കാനഡ അറിയിച്ചെങ്കിലും അത് നയതന്ത്ര തലത്തിലൂടെ അല്ലായിരുന്നുവെന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ. അറസ്റ്റ് വിഷയത്തിൽ ഔദ്യോഗിക ആശയവിനിമയം ഇരുരാജ്യങ്ങളും തമ്മിലുണ്ടായിട്ടില്ല. നിർണായകമായ തെളിവുകളും കൈമാറിയിട്ടില്ല. കാനഡയ്ക്ക് മുൻധാരണകളും രാഷ്ട്രീയ താത്പര്യങ്ങളുമുണ്ട്. വിഘടനവാദികൾക്കും തീവ്രവാദികൾക്കും രാഷ്ട്രീയ ഇടം കൊടുക്കുന്ന രാജ്യമാണ് കാനഡ. ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും, ജോലി തടസപ്പെടുത്തുകയും ചെയ്ത സംഭവങ്ങളുണ്ടായിട്ടുണ്ട്. ഒട്ടേറെ ഭീകരരെയും ക്രിമിനലുകളെയും വിട്ടുകിട്ടണമെന്ന രാജ്യത്തിന്റെ ആവശ്യത്തിൽ കാനഡ തീരുമാനമെടുക്കുന്നില്ലെന്നും,​ നയതന്ത്ര തല ചർച്ചകൾ തുടരുകയാണെന്നും വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി. അറസ്റ്റിലായ ഇന്ത്യക്കാർക്ക് നയതന്ത്ര സഹായം ലഭ്യമാക്കിയോ എന്ന ചോദ്യത്തിന്, അവർ ആവശ്യപ്പെട്ടാൽ മാത്രമേ അതിന് കഴിയുകയുള്ളുവെന്ന് രൺധീർ ജയ്സ്വാൾ പ്രതികരിച്ചു. അറസ്റ്റുകളും ഇന്ത്യയുമായി ഒരു ബന്ധവുമില്ലെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ നേരത്തെ വ്യക്തമാക്കിയിരുന്നു. കരൺ ബ്രാർ, കമൽപ്രീത് സിംഗ്, കരൺപ്രീത് സിംഗ് എന്നിവരെയാണ് നിജ്ജർ കൊലക്കേസിൽ കനേഡിയൻ പൊലീസ് അറസ്റ്ര് ചെയ്തത്. മൂന്ന് ഇന്ത്യക്കാരിൽ മാത്രമായി അന്വേഷണം ചുരുങ്ങില്ലെന്നും, കാനഡ നിയമവാഴ്ച്ചയുള്ള രാജ്യമാണെന്നും കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പ്രതികരിച്ചിരുന്നു.