ന്യൂഡൽഹി : പശ്ചിമബംഗാൾ ഗവർണർ സി.വി. ആനന്ദബോസിനെയും, ഗവർണറുടെ ഓഫീസിനെയും പൊലീസ് അപകീർത്തിപ്പെടുത്തുന്നുവെന്ന് ആരോപിച്ച പൊതുതാത്പര്യഹർജിയിൽ ഇടപെടാതെ കൽക്കട്ട ഹൈക്കോടതി.
അതിനിടെ ഗവർണർക്കെതിരായ ലൈംഗികാരോപണ പരാതിയിൽ പൊലീസ് ആവശ്യപ്പെട്ട സിസി ടിവി ദൃശ്യങ്ങൾ രാജ്‌ഭവൻ പൊതുജനങ്ങൾക്കായി പ്രദർശിപ്പിച്ചു.
ഭരണഘടനാ പരിരക്ഷയുള്ള ഗവർണറെ കൊൽക്കത്ത പൊലീസ് മാദ്ധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തുന്നു എന്നാരോപിച്ചായിരുന്നു പൊതുതാത്പര്യ ഹർജി. ഹർജിയിൽ അടിയന്തരസ്വഭാവത്തോടെ ഇടപെടുന്നില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.
പ്രധാന ഗേറ്റിലെ രണ്ട് സിസിടിവി ക്യാമറകളിലെ മെയ് 2 ന് വൈകുന്നേരം 5.30 മുതലുള്ള ഒരുമണിക്കൂർ ദൃശ്യങ്ങളാണ് രാജ്ഭവൻ സെൻട്രൽ ഹാളിൽ ഇന്നലെ പ്രദർശിപ്പിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനം പ്രമാണിച്ച് രാജ്ഭവൻ പരിസരത്ത് വിന്ന്യസിച്ച പൊലീസുകാരെയും നീല ജീൻസും ടോപ്പും ധരിച്ച സ്ത്രീയെയും ദൃശ്യങ്ങളിൽ കാണാം. സ്ത്രീയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത കണ്ടെത്താനായില്ലെന്നും ദൃശ്യങ്ങൾ കണ്ട ഒരാൾ മാദ്ധ്യമങ്ങളോട് പറഞ്ഞു.