ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വിശമായ പോളിംഗ് വിവരം പുറത്തുവിടാൻ വൈകിയതിനെ വിമർശിച്ച കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുന ഖാർഗെയ്ക്ക് തിരഞ്ഞെടുപ്പ് കമ്മിഷന്റെ ശാസന. വോട്ടർമാരുടെ വിവരങ്ങൾ ശേഖരിക്കുന്നതിലും പുറത്തുവിടുന്നതിലും വീഴ്ചയോ കാലതാമസമോ ഇല്ലെന്ന് കമ്മിഷൻ വ്യക്തമാക്കി.
ഖാർഗെയുടെ നിലപാട് സ്വതന്ത്രവും നീതിയുക്തവുമായി തെരഞ്ഞെടുപ്പുകൾ നടത്തുന്നതിനെ തടസപ്പെടുത്തുന്നതാണ്. പിന്നീട് നൽകുന്ന വിവരം എപോഴും വോട്ടെടുപ്പ് ദിവസത്തേക്കാൾ കൂടുതലായിരിക്കും. ഖാർഗെയുടെ പ്രസ്താവന ആശയക്കുഴപ്പമുണ്ടാക്കും. ഇത് വോട്ടർമാരുടെ പങ്കാളിത്തത്തെയും തിരഞ്ഞെടുപ്പ് നടത്തിപ്പിനെയും ബാധിക്കുമെന്നും കമ്മിഷൻ ചൂണ്ടിക്കാട്ടി.
പോളിംഗ് വിവരം വൈകുന്നതിൽ 'ഇന്ത്യ' സഖ്യം നേതാക്കൾക്ക് ഖാർഗെ അയച്ച കത്ത് പരിഗണിച്ചാണ് കമ്മിഷൻ നടപടി. വോട്ടിംഗ് വിവരങ്ങളിൽ പൊരുത്തക്കേടുണ്ടെന്നും ഖാർഗെ ആരോപിച്ചു. ഏപ്രിൽ 30നാണ് കമ്മിഷൻ ആദ്യ രണ്ട് ഘട്ട വോട്ടെടുപ്പിന്റെ വിശദ വിവരങ്ങൾ പുറത്തുവിട്ടത്. പോളിംഗ് കഴിഞ്ഞ് 24 മണിക്കൂറിനുള്ളിൽ എന്തുകൊണ്ട് വിവരങ്ങൾ നൽകുന്നില്ലെന്ന് ഖാർഗെ ചോദിച്ചിരുന്നു. രണ്ടു ഘട്ട വോട്ടെടുപ്പിന്റെ വിവരങ്ങൾ പുറത്തുവിട്ടപ്പോൾ അഞ്ചു ശതമാനത്തിലേറെ വർദ്ധനവുണ്ടായിരുന്നു. ഓരോ പാർലമെന്റ്, അസംബ്ലി മണ്ഡലങ്ങളിലും പോൾ ചെയ്ത വോട്ടിന്റെ കണക്കുകൾ നൽകിയില്ല. ഇത് ബി.ജെ.പിയെ സഹായിക്കാനാണെന്നും ഖാർഗെ ആരോപിച്ചിരുന്നു.