modi

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ഡൽഹിയിലെ രണ്ട് മെട്രോ സ്റ്റേഷൻ പരിസരത്ത് ഖാലിസ്ഥാൻ ചുവരെഴുത്ത്. കരോൾ ബാഗ്, ജൻഡേവാലൻ സ്റ്റേഷനുകളിലെ തൂണുകളിലാണ് കറുത്ത നിറത്തിൽ ഗ്രാഫിറ്റി തീർത്തത്. സുരക്ഷാ ജീവനക്കാരനാണ് ആദ്യം കണ്ടത്. വിവരമറിയിച്ചതിനെ തുടർന്ന് ഡൽഹി പൊലീസ് ഉടൻ എത്തി ചുവരെഴുത്തുകൾ മായ്ച്ചു. കേസെടുത്ത് അന്വേഷണം തുടങ്ങി. പരിസരത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു വരികയാണ്. ഇന്ത്യ ഭീകരസംഘടനയായി പ്രഖ്യാപിച്ച ഖാലിസ്ഥാൻ അനുകൂല സിഖ്സ് ഫോർ ജസ്റ്റിസിന്റെ അനുഭാവികളാണ് പിന്നിലെന്ന് പൊലീസ് സംശയിക്കുന്നു.

യു.എസ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സിഖ്സ് ഫോർ ജസ്റ്റിസ് സംഘടനയുടെ പേരിൽ നേരത്തെയും ഡൽഹിയിൽ ചുവരെഴുത്തുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. 2023 ആഗസ്റ്റിൽ ജി 20 ഉച്ചകോടിക്കായി ഡൽഹി തയ്യാറെടുക്കുമ്പോൾ പഞ്ചാബി ബാഗ്, ശിവാജി പാർക്ക് തുടങ്ങി അഞ്ച് മെട്രോ സ്റ്റേഷനുകളിലായിരുന്നു ഗ്രാഫിറ്റി. ഡൽഹി ഖാലിസ്ഥാൻ (സിഖ് ഭരണകൂടം) ആയി മാറുമെന്നും,​ മോദിയുടെ ഇന്ത്യയിൽ സിഖുകാരെ വംശഹത്യ ചെയ്യുകയാണെന്നും ഗ്രാഫിറ്റികളിൽ പറഞ്ഞിരുന്നു. ഇതിന്റെ ഉത്തരവാദിത്തം സിഖ്സ് ഫോർ ജസ്റ്റിസ് ഏറ്റെടുത്തിരുന്നു. ഈ വർഷം ജനുവരിയിൽ തിലക് നഗറിൽ ഖാലിസ്ഥാൻ അനുകൂല ചുവരെഴുതിയ ഒരാളെ അറസ്റ്റ് ചെയ്തു. ജനുവരിയിൽ തന്നെ ഉത്തം നഗറിലെ സ്കൂളിലെ ചുവരിലും,​ നീഹാർ വിഹാറിലെ തൂണിലും ഖാലിസ്ഥാൻ അനുകൂല മുദ്രാവാക്യം എഴുതിയത് കണ്ടെത്തി.