ന്യൂഡൽഹി : പ്രചാരണയോഗങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്രമോദി വിദ്വേഷപ്രസംഗം നടത്തുന്നെന്നും കേസെടുക്കണമെന്നും ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹർജി ഡൽഹി ഹൈക്കോടതി തള്ളി. ഹർജി തെറ്റിദ്ധരിപ്പിക്കുന്നതും കഴമ്പില്ലാത്തതുമാണെന്ന് ജസ്റ്റിസ് സച്ചിൻ ദത്ത വ്യക്തമാക്കി. തിരഞ്ഞെടുപ്പ് കമ്മിഷൻ ആർക്ക് നോട്ടീസ് അയയ്ക്കണമെന്ന് നിർദ്ദേശിക്കാൻ കോടതിക്ക് കഴിയില്ല. കമ്മിഷന് ആദ്യമേ തന്നെ എഫ്.ഐ.ആർ രജിസ്റ്രർ ചെയ്യാനും കഴിയില്ല.
മോദിയുടെ പ്രസംഗത്തിൽ മറുപടി സമർപ്പിക്കാൻ ബി.ജെ.പി കൂടുതൽ സമയം ആവശ്യപ്പെട്ടിരിക്കുകയാണെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ അഭിഭാഷകൻ അറിയിച്ചു. മേയ് 15ഓടെ മറുപടി ലഭിക്കുമെന്നാണ് പ്രതീക്ഷ. അനിവാര്യമെങ്കിൽ നടപടിയെടുക്കുമെന്നും ബോധിപ്പിച്ചു. ഇതോടെ, കമ്മിഷൻ സ്വതന്ത്രമായ നിലപാട് സ്വീകരിക്കുമെന്ന് വ്യക്തമാക്കി ഹർജി തള്ളുകയായിരുന്നു.