ന്യൂഡൽഹി: വിവാഹമോചന പരാതിയുമായെത്തിയ സ്ത്രീയെ പീഡിപ്പിച്ചെന്ന കേസിൽ ജയിലിൽ കഴിയുന്ന കേരളത്തിലെ രണ്ട് അഭിഭാഷകർക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ച് സുപ്രീംകോടതി. തലശേരിയിലെ അഭിഭാഷകരായ എം.ജെ. ജോൺസൺ,കെ.കെ.ഫിലിപ്പ് എന്നിവർക്കാണ് ജസ്റ്റിസ് ഹൃതികേഷ് അദ്ധ്യക്ഷനായ ബെഞ്ച് ജാമ്യം നൽകിയത്. കേസിന്റെ സാഹചര്യം വിലയിരുത്തിയ ശേഷമാണ് തീരുമാനമെന്ന് കോടതി പറഞ്ഞു. ഇരയുമായോ, സാക്ഷികളുമായോ ആശയവിനിമയം നടത്തരുതെന്ന് കോടതി ഉപാധിവച്ചു. വിചാരണക്കോടതിക്കും ഉപാധിവയ്ക്കാമെന്ന് വ്യക്തമാക്കി. രണ്ടു പേരും മേയ് ആറിനാണ് പൊലീസ് കസ്റ്രഡിയിലായത്.