ന്യൂഡൽഹി: ബോംബ് ഭീഷണിയിൽ വലയുകയാണ് ഡൽഹി അടക്കം നഗരങ്ങൾ. ഇന്നലെ തീഹാർ ജയിലിലും ഡൽഹിയിലെ നാല് ആശുപത്രികൾക്കും ഇമെയിൽ മുഖേന ഭീഷണി സന്ദേശം ലഭിച്ചു. ഏജൻസികൾ അന്വേഷണം ഊർജ്ജിതമാക്കി. രാജ്യതലസ്ഥാനത്ത് ജാഗ്രതയും നിരീക്ഷണവും ശക്തമാക്കി. ഭീഷണി സന്ദേശമെത്തിയതിന് പിന്നാലെ തീഹാർ ജയിൽവളപ്പിൽ പരിശോധന നടത്തി. മദ്യനയക്കേസ് പ്രതിയായ ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അടക്കം രാഷ്ട്രീയ നേതാക്കളെ പാർപ്പിച്ചിരിക്കുന്ന ഇടങ്ങളും വിശദമായി പരിശോധിച്ചു. ഇമെയിൽ ലഭിച്ച ജി.ടി.ബി, ദാദാ ദേവ്, ഹെഗ്ഡെവാർ, ദീപ് ചന്ദ്രബന്ധു ആശുപത്രികളിൽ ഡൽഹി പൊലീസ്, ബോംബ് സ്ക്വാഡ്, ഡോഗ് സ്ക്വാഡ് എന്നിവ പരിശോധന നടത്തിയെങ്കിലും സംശയാസ്‌പദമായ ഒന്നും കണ്ടെത്തിയില്ല. റഷ്യയിലെ ഐ.പി അഡ്രസിൽ നിന്നാണ് ഇമെയിൽ വരുന്നതെന്ന് ഡൽഹി പൊലീസിന്റെ സൈബർ സെൽ കണ്ടെത്തിയെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ അന്വേഷണത്തിൽ കാര്യമായ പുരോഗതിയുണ്ടായില്ല.
തുടർച്ചയായി ഭീഷണികൾ
മേയ് 1 - ഡൽഹിയിലെ 100ൽപ്പരം സ്‌കൂളുകളിൽ
അന്നേദിവസം ഉത്തർപ്രദശിലെ നോയിഡയിലെയും ലക്‌നൗവിലെയും സ്കൂളുകൾക്കും ഭീഷണി
മേയ് 6 - ഗുജറാത്തിലെ അഹമ്മദാബാദിലെ സ്‌കൂളുകളിൽ
മേയ് 12 - ഡൽഹി ഇന്ദിരാ ഗാന്ധി രാജ്യാന്തര വിമാനത്താവളത്തിലും പത്തോളം ആശുപത്രികളിലും ഭീഷണി സന്ദേശം. ബംഗളൂരുവിലെ ആറ് സ്വകാര്യ ആശുപത്രികൾക്ക് നേരെയും ഭീഷണി
മേയ് 13 - ജയ്‌പൂരിലെ 50 സ്‌കൂളുകളിൽ ബോംബ് ഭീഷണി