modi

ന്യൂഡൽഹി: കഴിഞ്ഞ ദിവസം രാത്രി അന്തരിച്ച ബി.ജെ.പി നേതാവും ബിഹാർ മുൻ ഉപമുഖ്യമന്ത്രിയും രാജ്യസഭാംഗവുമായ സുശീൽ കുമാർ മോദിക്ക്(72) അന്ത്യാഞ്ജലി. ഭൗതിക ശരീരം ഇന്നലെ പാട്‌നയിലെ ഗംഗാഘട്ടിൽ സംസ്‌കരിച്ചു. ക്യാൻസർ ബാധിതനായി ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം ഡൽഹി എയിംസിലാണ് അന്തരിച്ചത്.

ഡൽഹിയിൽ നിന്ന് പ്രത്യേക വിമാനത്തിൽ പാട്‌നയിലെത്തിച്ച മൃതദേഹത്തെ ഭാര്യ പൊൻകുന്നം സ്വദേശി ജെസി ജോർജ്ജ്, മക്കളായ ഉത്‌കർഷ് തഥാഗത്, അക്ഷയ് അമൃതാംശു എന്നിവർ അനുഗമിച്ചു. രാജേന്ദ്ര നഗറിലെ വസതിയിലും ബി.ജെ.പി ഓഫീസിലും പൊതുദർശനത്തിന് ശേഷമാണ് ഗംഗാഘട്ടിലേക്ക് കൊണ്ടുപോയത്. സംസ്‌കാര ചടങ്ങിൽ ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദ, ആർ.ജെ.ഡി നേതാവ് തേജസ്വി യാദവ്, കേന്ദ്രമന്ത്രിമാർ അടക്കം പ്രമുഖർ പങ്കെടുത്തു.

ബിഹാറിലെ ബി.ജെ.പിയുടെ ഉയർച്ചയ്‌ക്ക് വലിയ സംഭാവന നൽകിയ നേതാവാണ് സുശീൽ മോഡിയെന്ന്

പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സിൽ കുറിച്ചു. അടിയന്തരാവസ്ഥയെ ശക്തമായി എതിർത്ത മോഡി വിദ്യാർത്ഥി രാഷ്ട്രീയത്തിൽ വേറിട്ട വ്യക്തിത്വമുണ്ടാക്കിയെന്നും കഠിനാദ്ധ്വാനിയായ നേതാവായിരുന്നുവെന്നും പ്രധാനമന്ത്രി സ്‌മരിച്ചു.

അർബുദ ചികിത്സയിലായതിനാൽ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കില്ലെന്ന് സുശീൽ മോദി കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു. ആറ് മാസമായി കാൻസർ രോഗിയാണെന്നും അദ്ദേഹം വെളിപ്പെടുത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് എല്ലാം പറഞ്ഞിട്ടുണ്ടെന്നും രാജ്യത്തിനും ബീഹാറിനും പാർട്ടിക്കും വേണ്ടി എന്നും നിലകൊള്ളുമെന്നും അവസാന സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു.


ആർ.എസ്.എസ് പ്രചാരകനായിരുന്ന മോഡി പാ‌ട്ന യൂണിവേഴ്‌സിറ്റിയിൽ പഠിക്കവെ വിദ്യാർത്ഥി രാഷ്‌ട്രീയത്തിൽ ശ്രദ്ധേയനായി. ജയ്‌പ്രകാശ് നാരായണന്റെ സോഷ്യലിസ്റ്റ് പ്രസ്‌ഥാനത്തിൽ ആകൃഷ്‌ടനായി എം.എസ‌്‌സി പഠനം അവസാനിപ്പിച്ചു. പഠനകാലത്ത് പരിചയപ്പെട്ട മുംബയ് മലയാളി ജെസിയെ പിന്നീട് ജീവിത പങ്കാളിയാക്കിയത് ഏറെ എതിർപ്പുകൾ മറികടന്ന്. മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട രാഷ്ട്രീയ ജീവിതത്തിൽ എം.എൽ.എ, എം.എൽ.സി, ലോക്‌സഭാംഗം, രാജ്യസഭാംഗം തുടങ്ങി വിവിധ പദവികൾ വഹിച്ചു. 2005 മുതൽ 2013 വരെയും 2017 മുതൽ 2020 വരെയും ബീഹാർ ഉപമുഖ്യമന്ത്രിയുമായിരുന്നു. 1990ൽ പാറ്റ്‌ന സെൻട്രൽ മണ്ഡലത്തിൽ നിന്ന് ആദ്യമായി എം.എൽ.എയായ മോഡി ബി.ജെ.പി നിയമസഭാ കക്ഷിയുടെ ചീഫ് വിപ്പായി. 1996 മുതൽ 2004 വരെ നിയമസഭയിൽ പ്രതിപക്ഷ നേതാവായിരുന്നു. 2004-ൽ ഭഗൽപൂരിൽ നിന്ന് ലോക്‌സഭാംഗമായി. 2020 മുതൽ രാജ്യസഭാംഗമാണ്.