s

ന്യൂഡൽഹി: പൊലീസ് അടക്കം അന്വേഷണ ഏജൻസികളെന്ന വ്യാജേന ഭീഷണിപ്പെടുത്തി പണം തട്ടുന്ന സൈബർ കുറ്റകൃത്യങ്ങൾക്കെതിരെ

കേന്ദ്ര ആഭ്യന്തര മന്ത്രാലയം നടപടി തുടങ്ങി. സൈബർ തട്ടിപ്പിനുപയോഗിച്ച 1,000 സ്കൈപ്പ് അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്തു. തട്ടിപ്പുകാർ ഉപയോഗിക്കുന്ന സിം കാർഡുകൾ, മൊബൈൽ ഉപകരണങ്ങൾ, മ്യൂൾ അക്കൗണ്ടുകൾ എന്നിവ ബ്ലോക്ക് ചെയ്യാൻ നടപടി തുടങ്ങിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
സുഹൃത്തുക്കളോ ബന്ധുക്കളോ സ്‌ത്രീ പീഡനങ്ങൾ പോലുള്ള കുറ്റകൃത്യത്തിന് അറസ്റ്റിലാണെന്നും കേസെടുക്കാതിരിക്കാൻ പണം വേണമെന്നും ആവശ്യപ്പെടുന്നതാണ് പൊതുവായ തട്ടിപ്പ്. വേണ്ടപ്പെട്ടവർ അറസ്റ്റിലാണെന്ന് വരുത്താൻ വ്യാജ യൂണിഫോം ധരിച്ച ആളുകളെ പൊലീസ് സ്റ്റേഷനുകളുടെയും സർക്കാർ ഓഫീസുകളുടെയും സെറ്റിട്ട് സ്കൈപ്പ് അല്ലെങ്കിൽ മറ്റ് വീഡിയോ കോൺഫറൻസിംഗ് പ്ലാറ്റ്‌ഫോമിലൂടെ കാണിക്കും. മയക്കുമരുന്നു പോലെ നിയമവിരുദ്ധമായ പാഴ്സൽ വരുന്നുണ്ടെന്ന് പറഞ്ഞും തട്ടിപ്പുണ്ട്. ഇത്തരത്തിൽ സി.ബി.ഐ, നാർക്കോട്ടിക് ഡിപ്പാർട്ട്‌മെന്റ്, ആർ.ബി.ഐ, ഇഡി എന്നീ ഏജൻസികളുടെ പേരിൽ വ്യാപക തട്ടിപ്പ് അരങ്ങേറുന്നു.

വിദേശത്തു നിന്നുള്ള ക്രൈം സിൻഡിക്കേറ്റുകളാണ് ഇത്തരം സൈബർ കുറ്റകൃത്യങ്ങൾക്ക് പിന്നിലെന്ന് ആഭ്യന്തര മന്ത്രാലയം പറഞ്ഞു.
തട്ടിപ്പു തടയാൻ വിവിധ മന്ത്രാലയങ്ങളുമായും ഏജൻസികളുമായും ആർ.ബി.ഐയുമായും മറ്റ് സംഘടനകളുമായും സഹകരിക്കുന്നുണ്ടെന്നും പത്രക്കുറിപ്പിൽ പറയുന്നു.
ഇത്തരം തട്ടിപ്പുകളിൽ വീഴാതെ ജാഗ്രത പാലിക്കണമെന്ന് മന്ത്രാലയം അഭ്യർത്ഥിച്ചു. ഉടൻ 1930 എന്ന സൈബർ ക്രൈം ഹെൽപ്പ്‌ലൈൻ നമ്പറിലോ, www.cybercrime.gov.in പോർട്ടലിലോ റിപ്പോർട്ട് ചെയ്യണം.