kalabhairava-temple
kalabhairava temple

മൂന്നാമൂഴത്തിനൊരുങ്ങുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി,​ വാരാണസിയിൽ നാമനിർദ്ദേശപത്രിക സമർപ്പണത്തിനു മുമ്പ് ദ‌ർശനം നടത്തി പ്രാർത്ഥിച്ച കാലഭൈരവ ക്ഷേത്രത്തിന്റെ വിശേഷങ്ങൾ

ആദി​യോഗി​ അഥവാ പരമശി​വനാൽ നി​ർമ്മി​ക്കപ്പെട്ടതെന്ന് വി​ശ്വസി​ക്കപ്പെടുന്ന കാശി​ എന്ന വാരാണസി,​ ശരീരത്തെയും ആത്മാവി​നെയും പാപവി​മുക്തമാക്കുമെന്നാണ് ഹി​ന്ദുമത വി​ശ്വാസം. ആത്മസാക്ഷാത്കാരത്തിനൊടുവിൽ മരണത്തിന്റെ മണിമുഴക്കമുള്ള മണികർണികയിൽ ഭൗതിക ശരീരം വെടിയുന്നതും പുണ്യമത്രേ. പ്രപഞ്ചത്തിന്റ മർമ്മസ്ഥാനമെന്നു കരുതുന്ന കാശിയിൽ പ്രവേശിക്കാൻ പക്ഷേ മരണദൂതനായ കാലനു പോലും നഗരത്തിന്റെ കാവലാളായ കാലഭൈരവന്റെ അനുവാദം വാങ്ങണം.

കാശിയുടെ 'പൊലീസ് ഓഫീസർ' എന്നുമറിയപ്പെടുന്ന, യമദൂതൻ പോലും ഭയപ്പെടുന്ന കാലഭൈരവൻ ശിവന്റെ അവതാരമാണ്. കാശിയിൽ 23,​000 ക്ഷേത്രങ്ങളുണ്ടെന്നാണ് വിശ്വാസം. എന്നാൽ നഗരത്തിന്റെ കാവൽക്കാരനായ കാലഭൈരവന്റെ ക്ഷേത്രം സന്ദർശിച്ചാലേ കാശിയാത്ര പൂർണമാകൂ. യമനെപ്പോലും ഭയപ്പെടുത്തുന്ന ഘോരരൂപിയായ കാലഭൈരവ ദർശനം ഭക്തർക്ക് എല്ലാവിധ ഭയങ്ങളിൽ നിന്നും മോചനം നൽകുന്നു.

ഒരു തർക്കത്തിന്റെ

പര്യവസാനം

തമ്മിൽ മൂപ്പൻ ആരെന്നതിനെ ചൊല്ലി ബ്രഹ്മാവും വിഷ്ണുവിനുമിടയിൽ രൂപപ്പെട്ട രൂക്ഷമായ തർക്കം പരിഹരിക്കാൻ ശിവൻ നടത്തിയ ഇടപെടലാണ് കാലഭൈരവന്റെ അവതാരത്തിലേക്കു നയിച്ചത്. അനന്തമായ ഒരു പ്രകാശകിരണമായി മാറിയ ശിവൻ അതിന്റെ അവസാനം കണ്ടെത്തുന്നയാൾ ദൈവങ്ങളുടെ മേധാവിയാകുമെന്ന് പറഞ്ഞു. മത്സരം തുടങ്ങിയപ്പോൾ ബ്രഹ്മാവ് ഹംസമായി മാറി സ്വർഗത്തിലേക്ക് ഉയർന്നു. വിഷ്ണു ഒരു കാട്ടുപന്നിയുടെ രൂപത്തിൽ ഭൂമിക്കടിയിലേക്കിറങ്ങി. വർഷങ്ങൾ പലതു കടന്നുപോയിട്ടും ഇരുവർക്കും പ്രകാശ രശ്‌മിയുടെ അവസാനം കണ്ടെത്താനായില്ല.

നിരാശനായ വിഷ്‌ണു പരാജയം സമ്മതിച്ച് മടങ്ങിവന്നു. പക്ഷേ,​ തിരിച്ചെത്തിയ ബ്രഹ്മാവ് താൻ ലക്ഷ്യം നേടിയതായി കള്ളം പറഞ്ഞു. ബ്രഹ്മാവ് കള്ളം പറഞ്ഞതു കേട്ട് ശിവൻ കോപിഷ്‌ഠനായി. കോപത്താൽ തുറക്കപ്പെട്ട തൃക്കണ്ണിൽ നിന്ന് 'കാലഭൈരവ്' എന്ന ഉഗ്രരൂപം രൂപപ്പെട്ടു. സ്‌തബ്‌ദ്ധനായി നിന്ന ബ്രഹ്മാവിനു മുന്നിലേക്ക് കാലഭൈരവൻ കുതിച്ചെത്തി. ഇടതുകൈയുടെ തള്ളവിരലിന്റെ നഖം ഉപയോഗിച്ച് ബ്രഹ്മാവിന്റെ അഞ്ചാമത്തെ തല വെട്ടിയെടുത്തു.

കാലഭൈരവന്റെ

പാപമോചനം

അതോടെ കാലഭൈരവനെ 'ബ്രഹ്മഹത്യ"യുടെ പാപം പിന്തുടരാൻ തുടങ്ങി. ബ്രഹ്മാവിന്റെ അഞ്ചാമത്തെ ശിരസ്സും കൈയിൽ പിടിച്ച് മൂന്നു ലോകങ്ങളിലും അനന്തമായി അലഞ്ഞുതിരിഞ്ഞു. ഒടുവിൽ ശിവൻ തന്റെ അവതാരത്തോട് പാപമോക്ഷത്തിനായി കാശിയിലേക്കു പോകാൻ ഉപദേശിച്ചു. കാശിയിൽ പ്രവേശിച്ച് ഗംഗയിൽ മുങ്ങിക്കുളിച്ചതോടെ വർഷങ്ങളോളം താൻ വഹിച്ചിരുന്ന തലയോട്ടി കാലഭൈരവനിൽ നിന്ന് വേർപെട്ടു. അങ്ങനെ അദ്ദേഹം പാപമുക്തി നേടി. ‘കപാൽ മോചൻ’ (തലയോട്ടിയിൽ നിന്നുള്ള രക്ഷ) എന്നറിയപ്പെടുന്ന സ്ഥലം കാശി തീർത്ഥാടനത്തിൽ പ്രധാനമാണ്.


പാപമുക്തി നേടിയ കാലഭൈരവനോട് ശിവൻ തന്റെ ശിഷ്യന്മാരുടെ പാപമുക്തിക്കായി വാരാണസിയിൽ തുടരാൻ ആവശ്യപ്പെട്ടു. 'നഗരത്തിന്റെ ഇൻസ്‌പെക്‌ടർ" (കാശി കേ കോട്വാൾ) ആയി നിയമിച്ച് കാശിയിലെത്തുന്നവർക്ക് യോഗ്യതാ മാനദണ്ഡങ്ങൾ പരിശോധിച്ച് മോക്ഷം നൽകാനുള്ള ചുമതലയും നൽകി. അതിനാൽ യോഗ്യരായവരെ മാത്രമേ കാലഭൈവരൻ കാശിയിൽ മരണത്തിനു കീഴടങ്ങാൻ അനുവദിക്കൂ. കാശി വിശ്വനാഥ ക്ഷേത്രത്തിന് രണ്ടു കിലോമീറ്റർ വടക്ക് കാലഭൈരവൻ നിലയുറപ്പിച്ച സ്ഥലത്ത് പിന്നീട് ക്ഷേത്രമുണ്ടായെന്നാണ് വിശ്വാസം. പതിനേഴാം നൂറ്റാണ്ടിൽ ഗ്വാളിയോർ എസ്റ്റേറ്റിലെ രാജാവ് നിർമ്മിച്ചതെന്നു കരുതുന്ന ക്ഷേത്രം നിരവധി അധിനിവേശങ്ങൾക്ക് ഇരയായിട്ടുണ്ട്.

ചെറിയ ഹാൾ കടന്നെത്തുന്ന ശ്രീകോവിലിനുള്ളിൽ വെള്ളിയിൽ തീർത്ത കാലഭൈരവ വിഗ്രഹം. ശിവന്റെ ഉഗ്രരൂപമായ ഭൈരവ വിഗ്രഹം തലയോട്ടി മാലയണിഞ്ഞ് വലിയ മീശയുള്ള ഗൗരവഭാവം പൂണ്ട് വാഹനമായ നായയ്‌ക്കു മേൽ ഇരിക്കുന്ന രൂപത്തിലാണ്. മുഖമൊഴികെയുള്ള ഭാഗം ചുവന്ന തുണിയും പൂക്കളും കൊണ്ട് മൂടിയിരിക്കും.

മദ്യസേവയും പ്രസാദവും!

കാലഭൈരവൻ കാശിയിൽ എത്തിയത് കൃഷ്ണപക്ഷത്തിൽ മാർഗശീർഷ മാസത്തിലെ എട്ടാം (അഷ്ടമി തിഥി) ദിവസമാണെന്ന് വിശ്വസിക്കപ്പെടുന്നു. എല്ലാ വർഷവും ഈ ദിവസം കാലഭൈരവന്റെ ജന്മദിനമായി (ഭൈരവസ്തമി) ആഘോഷിക്കുന്നു. ഞായർ, ചൊവ്വ ദിവസങ്ങളാണ് ദർശനത്തിന് അനുയോജ്യം. അഘോരികളുടെ താന്ത്രിക രീതി പിന്തുടരുന്ന ക്ഷേത്രത്തിൽ മദ്യമാണ് പ്രധാന വഴിപാട്. ഭക്തർ വഴിപാടായി നൽകുന്ന മദ്യം കാലഭൈരവൻ സേവിക്കുമെന്നാണ് വിശ്വാസം. വിഗ്രഹത്തിനടുത്ത് വയ‌്‌ക്കുന്ന കുപ്പി താനെ കാലിയാകും. അവശേഷിക്കുന്ന മദ്യം ഭക്തർക്ക് പ്രസാദമായി നൽകും.

കറുത്ത എള്ള്, കടുകെണ്ണ, നാളികേരം എന്നിവയും നേദിക്കാറുണ്ട്. ഉത്തരേന്ത്യയിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് ക്ഷേത്ര ദർശനം ഒരു പ്രോട്ടോകോൾ ചടങ്ങാണ്! കാലഭൈരവന്റെ വാഹനമായതിനാൽ ക്ഷേത്രത്തിലും പരിസരത്തും ധാരാളം നായ്ക്കളെ കാണാം. ആഭിചാര മന്ത്രവാദങ്ങളുടെ ഉപാസകൻ കൂടിയാണ് കാലഭൈരവൻ. ഇവിടെയുള്ള മയിൽപ്പീലിക്കെട്ടുകൊണ്ട് അടിച്ചാൽ കണ്ണുദോഷം തടയാമെന്നാണ് വിശ്വാസം.