ന്യൂഡൽഹി: കേന്ദ്രസർക്കാർ കൊണ്ടുവന്ന വിവാദ ദേശീയ പൗരത്വ (ഭേദഗതി) നിയമപ്രകാരം വിദേശത്തു നിന്നെത്തിയ 300 പേർക്ക് ഇന്ത്യൻ പൗരത്വം അനുവദിച്ചു. ഇവരിൽ ഏറെയും പാകിസ്ഥാനിൽ നിന്നുള്ള ഹിന്ദുക്കളാണെന്ന് റിപ്പോർട്ടുണ്ട്. മറ്റുള്ളവർ ഏതെല്ലാം രാജ്യക്കാരാണെന്ന് വ്യക്തമായിട്ടില്ല. ഡൽഹിയിൽ നടന്ന ചടങ്ങിൽ 14 പേർക്ക് കേന്ദ്ര കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് കുമാർ ഭല്ല പൗരത്വ സർട്ടിഫിക്കറ്റുകൾ നൽകി.
പോർട്ടൽ വഴി അപേക്ഷിച്ചവർക്കാണ് പൗരത്വം അനുവദിച്ചതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പൗരത്വം ലഭിച്ചവരെ ആഭ്യന്തര സെക്രട്ടറി അഭിനന്ദിച്ചു.
പെൺകുട്ടികൾക്ക് വിദ്യാഭ്യാസത്തിന് അവസരമില്ലാത്ത പാകിസ്ഥാനിൽ ജീവിക്കാൻ ബുദ്ധിമുട്ടിയെന്ന് പൗരത്വം ലഭിച്ച 11-ാം ക്ളാസുകാരി ഭാവ്‌ന പറഞ്ഞു. പൗരത്വം സ്വപ്ന സാക്ഷാത്കാരമാണെന്ന് 13-14 വർഷമായി ഡൽഹിയിൽ താമസിക്കുന്ന ഹരീഷ് കുമാർ പറഞ്ഞു.
2019ൽ പാർലമെന്റിൽ പാസാക്കിയെങ്കിലും മാർച്ച് 11നാണ് നിയമം വിജ്ഞാപനം ചെയ്‌തത്. മുസ്ലിങ്ങളെ ഒഴിവാക്കിയതാണ് പ്രധാനമായും വിവാദമായത്. എന്നാൽ പീഡിതരായ മുസ്ലിങ്ങൾക്കും ഇന്ത്യൻ പൗരത്വത്തിന് അപേക്ഷിക്കാമെന്ന് കേന്ദ്രസർക്കാർ വിശദീകരിച്ചിരുന്നു.
നിയമം നടപ്പാക്കുന്നതിനെതിരെ മുസ്ളിം ലീഗ് ഉൾപ്പെടെ നൽകിയ ഹർജികൾ സുപ്രീംകോടതി വാദം കേൾക്കാൻ മാറ്റിയിരിക്കുകയാണ്.
ആറ് ന്യൂനപക്ഷ
വിഭാഗങ്ങൾ അർഹർ
പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ പീഡനം അനുഭവിക്കുന്ന ഹിന്ദു, ക്രിസ്ത്യൻ, സിഖ്, ജൈന, ബുദ്ധ, പാഴ്‌സി എന്നീ ആറ് ന്യൂനപക്ഷ വിഭാഗങ്ങൾക്ക് ഇന്ത്യൻ പൗരത്വം നൽകാനുള്ളതാണ് നിയമം
2014 ഡിസംബർ 31നോ അതിനുമുമ്പോ ഇന്ത്യയിൽ വന്നവരിൽ നിന്നാണ് പോർട്ടൽ വഴി ഇന്ത്യൻ പൗരത്വത്തിന് അപേക്ഷ സ്വീകരിക്കുന്നത്. അഞ്ചു വർഷമായി ഇന്ത്യയിൽ താമസിക്കുന്നവർക്കാണ് അർഹത
മുൻപ് ഇത് പതിനൊന്ന് വർഷം ആയിരുന്നു. ഈ വിഭാഗങ്ങളിൽ നിന്ന് ഇന്ത്യൻ പൗരത്വത്തിനായി ഇതുവരെ 25000ത്തിലേറെ അപേക്ഷകൾ പോർട്ടലിൽ ലഭിച്ചിട്ടുണ്ട്.