
ന്യൂഡൽഹി: ഗാസയിൽ യു.എൻ സമാധാന സേനയ്‌ക്കു വേണ്ടി ജോലി ചെയ്യവെ കൊല്ലപ്പെട്ട മഹാരാഷ്‌ട്ര സ്വദേശി റിട്ട.കേണൽ വൈഭവ് അനിൽ കാലെയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ നടപടി തുടങ്ങിയെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ന്യൂയോർക്കിൽ പ്രവർത്തിക്കുന്ന യു.എന്നിലെ സ്ഥിരം മിഷനും ടെൽ അവീവിലെയും റാമല്ലയിലെയും മിഷനുകളും ചേർന്നാണ് മൃതദേഹം ഇന്ത്യയിലെത്തിക്കാൻ ശ്രമം നടത്തുന്നത്. സംഭവത്തെക്കുറിച്ച് യു.എന്നിനൊപ്പം ഇന്ത്യയും അന്വേഷിക്കുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. റാഫയിൽ നിന്ന് ഖാൻ യൂനിസ് ഏരിയയിലെ ആശുപത്രിയിലേക്ക് വാഹനത്തിൽ പോകുന്നതിനിടെയാണ് വൈഭവ് അനിൽ കാലെ (46) കൊല്ലപ്പെട്ടത്.
ഗാസയിൽ യു.എൻ ഡിപ്പാർട്ട്‌മെന്റ് ഒഫ് സേഫ്റ്റി ആൻഡ് സെക്യൂരിറ്റിയിലെ (ഡി.എസ്.എസ്) സെക്യൂരിറ്റി കോർഡിനേഷൻ ഓഫീസർ ആയിരുന്ന കേണൽ വൈഭവ് അനിൽ കാലെ മേയ് 13നാണ് കൊല്ലപ്പെട്ടത്. ജമ്മു കാശ്മീർ റൈഫിൾസ് റെജിമെന്റിൽ നിന്ന് വിരമിച്ച ശേഷം യു.എന്നിൽ ചേർന്ന അദ്ദേഹം ഒരു മാസം മുൻപാണ് ഗാസയിൽ നിയമിതനായത്.
യു.എൻ ഉദ്യോഗസ്ഥർക്ക് നേരെയുള്ള ആക്രമണങ്ങളെ അപലപിച്ച യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് സമഗ്ര അന്വേഷണം ആവശ്യപ്പെട്ടു. കുടുംബത്തെ അദ്ദേഹം അനുശോചനം അറിയിച്ചു.