ന്യൂഡൽഹി : മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്‌കറിയയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളണമെന്ന് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ. പട്ടികവിഭാഗങ്ങൾക്കെതിരെയുളള അതിക്രമം തടയൽ നിയമം അനുസരിച്ച് ഷാജനെതിരെ രജിസ്റ്റർ ചെയ്‌ത കേസിലാണ് നിലപാട് അറിയിച്ചത്. മോശം രീതിയിൽ വാർത്ത കൊടുത്ത് അജൻഡകൾ നടപ്പാക്കാൻ ശ്രമിക്കുന്ന വ്യക്തിയാണെന്ന് സർക്കാർ ആരോപിച്ചു. വാദമുഖങ്ങൾ പൂർത്തിയായതിനെ തുടർന്ന് മുൻകൂർ ജാമ്യാപേക്ഷ വിധി പറയാൻ മാറ്റി. ഷാജന്റെ അറസ്റ്ര് കോടതി നേരത്തെ തടഞ്ഞിരുന്നു. അപകീർത്തികരമായ വാർത്ത നൽകിയെന്ന് ആരോപിച്ച് പി.വി. ശ്രീനിജൻ എം.എൽ.എ നൽകിയ കേസിൽ ഒന്നാം പ്രതിയാണ് ഷാജൻ . എങ്ങനെയാണ് പട്ടികവിഭാഗങ്ങൾക്കെതിരെയുളള അതിക്രമം തടയൽ നിയമം പ്രയോഗിക്കാൻ കഴിയുകയെന്ന് സുപ്രീംകോടതി സംശയമുന്നയിച്ചിരുന്നു.