ന്യൂഡൽഹി: മദ്യനയക്കേസിലെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ ഇടക്കാല ജാമ്യത്തിൽ പ്രതികരണവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. അതൊരു സാധാരണ ഉത്തരവല്ലെന്നാണ് താൻ വിശ്വസിക്കുന്നതെന്ന് വാർത്താ ഏജൻസിയോട് ഷാ പ്രതികരിച്ചു. സുപ്രീംകോടതിയുടെ ഭാഗത്തുനിന്ന് പ്രത്യേക പരിഗണന കേജ്‌രിവാളിന് ലഭിച്ചുവെന്നാണ് രാജ്യത്തെ വളരെയധികം ആളുകൾ വിശ്വസിക്കുന്നത്. 'ഇന്ത്യ' സഖ്യം ജയിച്ചാൽ തനിക്ക് ജയിലിലേക്ക് മടങ്ങേണ്ടിവരില്ലെന്ന കേജ്‌രിവാളിന്റെ പരാമർശം കോടതിയലക്ഷ്യമാണ്. ഉത്തരവ് എപ്രകാരം ദുരുപയോഗിക്കപ്പെടാമെന്ന് ചിന്തിക്കേണ്ടത് ജാമ്യം നൽകിയ ജഡ്‌ജിമാരാണ്. തിഹാർ ജയിലിൽ തന്റെ നീക്കങ്ങൾ ഒളിക്യാമറ വച്ചു കേന്ദ്രസർക്കാർ നിരീക്ഷിക്കുന്നുവെന്ന കേജ്‌രിവാളിന്റെ ആരോപണത്തെയും അമിത് ഷാ തള്ളി. തിഹാർ ജയിലിന്റെ ഭരണം ഡൽഹി സർക്കാരിന്റെ നിയന്ത്രണത്തിലാണ്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് അവിടെ ഒരു കാര്യവുമില്ല. കേജ്‌രിവാൾ നിരന്തരം നുണ പറയുകയാണെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.
2029 കഴിഞ്ഞും മോദി തുടരും: അമിത് ഷാ
നരേന്ദ്ര മോദിക്ക് 75 വയസ്സ് തികയുമ്പോൾ പ്രധാനമന്ത്രി പദത്തിൽ നിന്ന് മാറില്ലെന്ന് ആവർത്തിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. 2029വരെ മോദി പ്രധാനമന്ത്രി സ്ഥാനത്തുണ്ടാകും. അതു കഴിഞ്ഞും മോദി തന്നെ തിരഞ്ഞെടുപ്പിൽ പാർട്ടിയെ നയിക്കും-അമിത് ഷാ വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. മോദി അടുത്ത വർഷം 75 വയസാകുമ്പോൾ വിരമിക്കുമെന്നും അമിത് ഷാ പ്രധാനമന്ത്രിയാകുമെന്നും ആംആദ്മി പാർട്ടി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‌രിവാൾ പറഞ്ഞിരുന്നു. കേജ്‌രിവാളിന് സന്തോഷിക്കാൻ ഒരു വകയുമില്ലെന്ന് പറഞ്ഞുകൊണ്ടാണ് നരേന്ദ്രമോദി തുടരുമെന്ന് അമിത് ഷാ വ്യക്തമാക്കിയത്.