ന്യൂഡൽഹി : മദ്യനയക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെയും ആം ആദ്മി പാർട്ടിയെയും പ്രതിപട്ടികയിൽ ചേർത്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇ.ഡി) റൗസ് അവന്യു കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. സിറ്റിംഗ് മുഖ്യമന്ത്രിക്കെതിരെയും, രാഷ്ട്രീയ പാർട്ടിയെ പ്രതിയാക്കിയും ഇ.ഡി കുറ്റപത്രം രാജ്യത്ത് ആദ്യമായാണ്.
200ൽപ്പരം പേജുള്ള കുറ്റപത്രത്തിൽ കേജ്‌രിവാളിനെ കോഴയിടപാടിലെ മുഖ്യസൂത്രധാരനായാണ് വിശേഷിപ്പിക്കുന്നത്. സൗത്ത് ഗ്രൂപ്പിൽ നിന്ന് കേജ്‌രിവാൾ 100 കോടി ആവശ്യപ്പെട്ടു. കോഴപ്പണം ഗോവ തിരഞ്ഞെടുപ്പിനായി ഉപയോഗിച്ചെന്നും ചൂണ്ടിക്കാട്ടി. വ്യക്തിപരമായും, ആം ആദ്മി പാർട്ടിയുടെ ദേശീയ കൺവീനർ എന്ന നിലയിലുമാണ് കേജ്‌രിവാളിനെ പ്രതിയാക്കിയത്. കള്ളപ്പണം തടയൽ നിയമം, ഇന്ത്യൻ ശിക്ഷാനിയമത്തിലെ ഗൂഢാലോചന തുടങ്ങിയവ ചുമത്തി. രേഖകളും തെളിവുകളും കോടതിയിൽ സമർപ്പിച്ചു. വരുംദിവസങ്ങളിൽ പ്രത്യേക കോടതി ജഡ്‌ജി കാവേരി ബവേജ കുറ്റപത്രം പരിഗണിച്ച് തുടർനടപടികളിലേക്ക് കടക്കും.
കേസിൽ ഇ.ഡി സമർപ്പിക്കുന്ന എട്ടാമത്തെ കുറ്റപത്രമാണിത്. മേയ് 10ന് ബി.ആർ.എസ് നേതാവ് കെ.കവിത ഉൾപ്പടെ നാലുപേരെ പ്രതിയാക്കിയായിരുന്നു ഏഴാമത്തെ കുറ്റപത്രം. കേസിൽ 18 പേർ അറസ്റ്റിലായി. 243 കോടിയുടെ സ്വത്തുവകകൾ ഇ.ഡി കണ്ടുകെട്ടി.
ഫയലുകൾ തേടി സുപ്രീംകോടതി
കേജ്‌രിവാളിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് ഇ.ഡിയുടെ പക്കലുള്ള ഫയലുകൾ കൈമാറാൻ സുപ്രീംകോടതി നിർദ്ദേശിച്ചു. അറസ്റ്റിന് മുൻപുള്ള സാക്ഷിമൊഴികൾ പരിശോധിക്കും. അറസ്റ്റും, ഇ.ഡി കസ്റ്റഡിയും ചോദ്യം ചെയ്‌ത് കേജ്‌രിവാൾ സമർപ്പിച്ച ഹർജിയിലാണ് നിർദ്ദേശം. ഇ.ഡിയുടെയും കേജ്‌രിവാളിന്റെയും വാദങ്ങൾ പൂർത്തിയായതിനെ തുടർന്ന് ഹർജി വിധി പറയാൻ മാറ്രി. കക്ഷികൾക്ക് രേഖകളോ മറ്റോ ഉണ്ടെങ്കിൽ സമർപ്പിക്കാൻ ഒരാഴ്‌ച്ച അനുവദിച്ചു. കേജ്‌രിവാളിന് വിചാരണക്കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിക്കാമെന്നും ജസ്റ്രിസുമാരായ സഞ്ജീവ് ഖന്നയും, ദീപാങ്കർ ദത്തയും അടങ്ങിയ ബെഞ്ച് വ്യക്തമാക്കി. ജൂൺ ഒന്നുവരെയാണ് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുന്നത്.