swathi

ന്യൂഡൽഹി: ഡൽഹിയിൽ 25ന് വോട്ടെടുപ്പ് നടക്കാനിരിക്കെ, സ്വാതി മലിവാൾ വിവാദം മുഖ്യമന്ത്രി കേജ്‌രിവാളിനെയും ആം ആദ്മി പാർട്ടിയെയും പ്രതിരോധത്തിലാക്കി. കേജ്‌രിവാളിന്റെ വസതിയിൽ അദ്ദേഹത്തിന്റെ പേഴ്സണൽ സെക്രട്ടറി ബിഭവ് കുമാറിൽ നിന്ന് ക്രൂരമായ ആക്രമണം നേരിട്ടെന്ന് മലിവാൾ പൊലീസിന് മൊഴി നൽകിയത് സ്ത്രീസുരക്ഷ സംബന്ധിച്ച ചോദ്യങ്ങൾ തിരഞ്ഞെടുപ്പ് രംഗത്ത് സജീവമാക്കി.

ഇന്നലെ മലിവാളിനെയും കൂട്ടി കേജ്‌രിവാളിന്റെ വസതിയിലെത്തിയ ഡൽഹി പൊലീസും ഫൊറൻസിക് സംഘവും ക്രൈം സീൻ പുനഃസൃഷ്‌ടിച്ചു. സി.സി.ടി.വി ദൃശ്യങ്ങൾ ശേഖരിക്കാൻ നീക്കം തുടങ്ങി. ദൃക്‌സാക്ഷികളുടെ മൊഴിയെടുക്കും. തീസ് ഹസാരി കോടതിയിൽ മലിവാൾ രഹസ്യമൊഴി നൽകി. കേജ്‌രിവാൾ വസതിയിലുണ്ടായിരുന്നുവെന്ന മലിവാളിന്റെ ആരോപണം പാർട്ടി തള്ളി. ബിഭവ് കുമാറിനെതിരെ നരഹത്യാക്കുറ്റമുൾപ്പെടെ ചുമത്തി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്‌തു. മലിവാളിനെതിരെ ബിഭവ് കുമാറും പൊലീസിൽ പരാതി നൽകി.

അതേസമയം മലിവാളും സുരക്ഷാ ജീവനക്കാരും തമ്മിൽ തർക്കിക്കുന്ന തരത്തിലുള്ള മൊബൈൽ ദൃശ്യങ്ങൾ ഹിന്ദി വാർത്താചാനൽ പുറത്തുവിട്ടിരുന്നു. പുറത്തുപോകണമെന്ന് ജീവനക്കാ‌ർ ആവശ്യപ്പെടുന്നതും പ്രകോപിതയായി മലിവാൾ സംസാരിക്കുന്നതും വീഡിയോയിലുണ്ട്. ഇതാണ് സത്യമെന്ന് ആം ആദ്മി പാർട്ടി പ്രതികരിച്ചു.

 എട്ടുതവണ മുഖത്തടിച്ചു

മേയ് 13ന് രാവിലെ ഒമ്പതിന് കേജ്‌രിവാളിനെ കാണാൻ സന്ദ‌ർശക മുറിയിൽ ഇരിക്കുകയായിരുന്നു. ബിഭവ് കുമാർ യാതൊരു പ്രകോപനമില്ലാതെ ഒച്ചവച്ച് അസഭ്യം പറഞ്ഞു. സഹായത്തിനായി നിലവിളിച്ചു. ബിഭവിനെ കാലുകൊണ്ട് തള്ളിമാറ്റി. ബിഭവ് ദേഹത്ത് ആഞ്ഞടിച്ചു. വലിച്ചിഴച്ചു. തല മേശയിലിടിച്ചു. വയറ്റിലും നെഞ്ചിലും തൊഴിച്ചു. എട്ടുതവണ മുഖത്തടിച്ചു. നിലവിളിച്ചിട്ടും ആരും സഹായിച്ചില്ല.

'ബി.ജെ.പിയുടെ ഗൂഢാലോചനയാണ് മലിവാൾ സംഭവം. മലിവാളിനെ ബി.ജെ.പി അയക്കുകയായിരുന്നു. കേജ്‌രിവാൾ വീട്ടിലുണ്ടായിരുന്നില്ല".

- അതിഷി, ഡൽഹി വിദ്യാഭ്യാസ മന്ത്രി