hgb

ന്യൂഡൽഹി: ഇന്ത്യയിൽ കരുത്തുള്ള സർക്കാർ ഭരിക്കുന്നതിനാൽ,​ 70 വർഷമായി ബോംബുകൾ പ്രയോഗിച്ച് ബുദ്ധിമുട്ടിച്ച പാകിസ്ഥാൻ ഭിക്ഷ യാചിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹരിയാനയിൽ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.


രാജ്യത്ത് ശക്തമായ സർക്കാർ ഉള്ളപ്പോൾ, ശത്രുക്കൾ നൂറു തവണ ചിന്തിച്ചേ എന്തും ചെയ്യൂ. 70 വർഷമായി പാകിസ്ഥാൻ ഇന്ത്യയെ ബുദ്ധിമുട്ടിച്ചിരുന്നു. അന്ന് കൈയിൽ ബോംബുകളേന്തിയവർ ഇന്ന് ഭിക്ഷാപാത്രവുമായി തെണ്ടുന്നു. അന്താരാഷ്ട്ര നാണയ നിധിയിൽ പാകിസ്ഥാന്റെ ജാമ്യ അപേക്ഷകളെ പരാമർശിച്ച് മോദി പറഞ്ഞു.
തന്റെ കരുത്തുറ്റ സർക്കാർ 370-ാം വകുപ്പ് തകർത്തു. ദുർബലമായ ഒരു സർക്കാരിന് ജമ്മു കാശമീരിലെ സ്ഥിതി മാറ്റാൻ കഴിയുമായിരുന്നോ? കാശ്മീർ വികസനത്തിന്റെ പാതയിലായി. 'ഇന്ത്യ' കക്ഷികൾ ദേശവിരുദ്ധ ശക്തികളാണ്.

സായുധ സേനയെയും കോൺഗ്രസ് ഒറ്റി. വൻ ലാഭത്തിനായി ആയുധങ്ങൾ ഇറക്കുമതി ചെയ്‌ത് സേനയെ കോൺഗ്രസ് ദുർബലമാക്കി. സൈനികർക്ക് ശരിയായ വസ്ത്രങ്ങളും ഷൂസും ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകളും നൽകിയില്ല. നല്ല റൈഫിളുകൾ പോലും ലഭിച്ചില്ല. ആയുധങ്ങൾ ഇറക്കുമതി ചെയ്തിരുന്ന ഇന്ത്യ ഇപ്പോൾ മറ്റ് രാജ്യങ്ങൾക്ക് ആയുധങ്ങൾ വിൽക്കുകയാണ്.

കാശ്മീരിൽ വീണ്ടും 370-ാം വകുപ്പ് അടിച്ചേൽപ്പിക്കുമെന്ന് കോൺഗ്രസ് നേതാക്കൾ പറയുന്നു. കാശ്മീരിൽ അവർ രക്തച്ചൊരിച്ചിൽ ആഗ്രഹിക്കുന്നു. 370-ാം വകുപ്പ് തിരികെ കൊണ്ടുവരാനുള്ള സ്വപ്നം കോൺഗ്രസ് ഉപേക്ഷിക്കുക. അതിന് ശ്രമിച്ചാൽ അനന്തരഫലങ്ങൾ അനുഭവിക്കേണ്ടിവരും. മോദിയുടെ തീരുമാനങ്ങൾ കോൺഗ്രസ്-'ഇന്ത്യ' സഖ്യത്തിന്റെ ഹൃദയം തകർക്കുന്നു. അതിനാൽ അവർ രാജ്യത്തെ പാകിസ്ഥാന്റെ പേരിൽ ഭീഷണിപ്പെടുത്തുകയാണ്.

'ഇന്ത്യ' സഖ്യത്തിലെ ഒരു നേതാവ് പറഞ്ഞത് അവർ ഭരിച്ചാൽ അഞ്ച് വർഷം അഞ്ച് പ്രധാനമന്ത്രിമാരുണ്ടാകുമെന്നാണ്. ഇത് രാജ്യത്തിന് പ്രയോജനം ചെയ്യുമോയെന്ന് നിങ്ങൾ പറയൂ. 10 വർഷമായി അധികാരത്തിന് പുറത്തായതിനാൽ കോൺഗ്രസ് ആശയക്കുഴപ്പത്തിലാണ്. ഒരു കുടുംബം റിമോട്ട് കൺട്രോൾ ഉപയോഗിച്ച് സർക്കാരിനെ നിയന്ത്രിച്ചതിന്റെ സ്മരണയിലാണ്. സർക്കാർ പദ്ധതികൾക്ക് അവർ കുടുംബാംഗങ്ങളുടെ പേരിട്ടു. പദ്ധതികളുടെ നേട്ടം അഴിമതിക്കാർക്ക് കിട്ടി. അധികാരം വേണമെന്ന ആർത്തി മാറിയില്ലെന്നും 'ഇന്ത്യ' മുന്നണിയെ കളിയാക്കി മോദി പറഞ്ഞു.