ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആറാംഘട്ട വോട്ടെടുപ്പായ ഇന്ന് ഡൽഹി തുടങ്ങി ഏഴു സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശമായ ജമ്മു കാശ്‌മീരിലെയും അടക്കം 58 മണ്ഡലങ്ങൾ പോളിംഗ് ബൂത്തിലെത്തും. ഡൽഹി(7), ബീഹാർ(8), ഹരിയാന(10), ജാർഖണ്ഡ്(4)​, ഒഡീഷ(6)​, ഉത്തർപ്രദേശ്(14)​, പശ്ചിമബംഗാൾ(8)​ സംസ്ഥാനങ്ങളും, ജമ്മുകാശ്‌മീരിലെ അനന്ത്നാഗ് രജൗരി മണ്ഡലവുമാണ് സമ്മതിദാനാവകാശം വിനിയോഗിക്കുന്നത്. 889 സ്ഥാനാർത്ഥികൾ മത്സരിക്കുന്നു. 1.14 ലക്ഷം പോളിംഗ് സ്റ്റേഷനുകൾ തിരഞ്ഞെടുപ്പ് കമ്മിഷൻ ഒരുക്കി. 11.13 കോടി വോട്ടർമാർ. ഒഡീഷയിലെ 42 നിയമസഭാ മണ്ഡലങ്ങളിലേക്കും ഇന്നാണ് വോട്ടെടുപ്പ്. കൊടുംചൂടിന്റെ പശ്ചാത്തലത്തിൽ കുടിവെള്ളം ഉൾപ്പെടെ സൗകര്യങ്ങൾ ബൂത്തുകളിൽ ഏർപ്പെടുത്തി. ജൂൺ ഒന്നിനാണ് ഏഴാമത്തെയും അവസാനത്തെയും ഘട്ടം. ജൂൺ നാലിന് വോട്ടെണ്ണും.