k

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആറാംഘട്ട വോട്ടെടുപ്പ് നടക്കുന്ന ഡൽഹിയിൽ ഇന്ന് സുരക്ഷ ശക്തമാക്കി. ഇതിന്റെ ഭാഗമായി 33,000 പൊലീസുകാരെ സുരക്ഷയ്ക്ക് നിയോഗിച്ചു. കൂടാതെ 51 കമ്പനി കേന്ദ്രസേനയെയും, 17500 ഹോം ഗാർഡുകളെയും വിന്യസിച്ചു. രാജസ്ഥാൻ, മദ്ധ്യപ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ നിന്നാണ് ഹോം ഗാർഡുകളെത്തിയത്. പ്രശ്‌നബാധിത മേഖലകളിൽ അടക്കം കൂടുതൽ സി.സി.ടി.വികൾ സ്ഥാപിച്ചു. അടിയന്തര സാഹചര്യങ്ങളിൽ നിരീക്ഷണത്തിന് ഡ്രോണുകളും ഉപയോഗിക്കും. ഡൽഹിയിൽ തുടർച്ചയായ ബോംബ് ഭീഷണികളുടെ പശ്ചാത്തലത്തിലാണ് സുരക്ഷ ശക്തമാക്കിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വധഭീഷണി ഉയർന്ന സാഹചര്യത്തിൽ അദ്ദേഹത്തിന്റെ 7, ലോക് കല്യാൺ മാർഗിലെ ഔദ്യോഗിക വസതിക്കും സുരക്ഷ വ‌ർദ്ധിപ്പിച്ചു.

429 പ്രശ്‌ന ബാധിത

ബൂത്തുകൾ

ഡൽഹിയിലെ ഏഴ് ലോക്‌സഭാ മണ്ഡലങ്ങളാണ് ഇന്ന് പോളിംഗ് ബൂത്തിലെത്തുന്നത്. ആകെ 2628 ബൂത്തുകൾ. അതിൽ 429 എണ്ണം പ്രശ്‌നബാധിത ബൂത്തുകളാണ്. രാജ്യതലസ്ഥാനത്തിന്റെ അതിർത്തി മേഖലകളിലും നിരീക്ഷണം ശക്തമാക്കി. ഇവിടങ്ങളിലും സി.സി.ടി.വികൾ സ്ഥാപിച്ചു. 24 മണിക്കൂറും അതിർത്തി പ്രദേശങ്ങൾ നിരീക്ഷണത്തിലാണെന്ന് ഡൽഹി പൊലീസ് അറിയിച്ചു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇതുവരെ 14 കോടി ഹവാലപണം പിടിച്ചെടുത്തു.

കേജ്‌രിവാൾ കോൺഗ്രസ്,

രാഹുൽ ആംആദ്മി ?

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് വോട്ട് സിവിൽ ലൈൻസിലെ ബൂത്തിലാണ്. ചാന്ദ്നി ചൗക്ക് മണ്ഡലത്തിലുൾപ്പെട്ട ഇവിടെ 'ഇന്ത്യ' മുന്നണി സ്ഥാനാർത്ഥി കോൺഗ്രസിലെ ജയ്‌പ്രകാശ് അഗർവാളാണ്. കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർക്ക് വോട്ട് ന്യൂഡൽഹി മണ്ഡലത്തിലും. ആംആദ്മി പാർട്ടിയിലെ സോംനാഥ് ഭാരതിയാണ് മണ്ഡലത്തിലെ 'ഇന്ത്യ' മുന്നണി സ്ഥാനാർത്ഥി.