ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആറാംഘട്ടമായ ഇന്നലെ നടന്ന വോട്ടെടുപ്പിൽ 59.06 ശതമാനം പോളിംഗ് രേഖപ്പെടുത്തി. ഡൽഹി തുടങ്ങി ഏഴു സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണപ്രദേശമായ ജമ്മു കാശ്‌മീരിലെയും അടക്കം 58 മണ്ഡലങ്ങൾ പോളിംഗ് ബൂത്തിലെത്തി.
78.19 ശതമാനം വോട്ട് രേഖപ്പെടുത്തിയ ബംഗാളിലാണ് കൂടുതൽ പോളിംഗ്. ജമ്മുകാശ്‌മീരിലെ അനന്ത്നാഗ് രജൗരി മണ്ഡലത്തിൽ കുറവ് പോളിംഗ് രേഖപ്പെടുത്തി (52.28%). തിരഞ്ഞെടുപ്പ് കമ്മിഷൻ അവസാനം പുറത്തുവിട്ട കണക്കാണിത്. അന്തിമ പോളിംഗ് ശതമാനത്തിൽ മാറ്റം വരാം. 543 ലോക്‌സഭാ സീറ്റുകളിൽ 486ൽ വോട്ടെടുപ്പ് പൂർത്തിയാക്കി. ബാക്കിയുള്ള 57 മണ്ഡലങ്ങളിൽ ജൂൺ ഒന്നിനാണ് വോട്ടെടുപ്പ്.
അതേസമയം വോട്ടെടുപ്പിനിടെയുണ്ടായ സംഘർഷത്തിൽ പശ്ചിമ ബംഗാളിലെ ഈസ്റ്റ് മിഡ്നാപൂരിൽ തൃണമൂൽ കോൺഗ്രസിന്റെ പ്രാദേശിക നേതാവ് ശൈഖ് മൊയ്ബുൾ (42) കൊല്ലപ്പെട്ടു.