ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം വന്നശേഷമുള്ള സർക്കാർ രൂപീകരണ സാഹചര്യങ്ങളും തുടർ നടപടികളും ചർച്ച ചെയ്യാൻ ജൂൺ ഒന്നിന് ഡൽഹിയിൽ 'ഇന്ത്യ' മുന്നണി നേതാക്കൾ യോഗം ചേരും. കോൺഗ്രസാണ് യോഗം വിളിച്ചത്.
മുന്നണിയിലെ പ്രമുഖനും എ.എ.പി നേതാവുമായ അരവിന്ദ് കേജ്‌രിവാളിന് ഡൽഹി മദ്യനയക്കേസിൽ സുപ്രീംകോടതി അനുവദിച്ച ജാമ്യ കാലാവധി പൂർത്തിയാകുന്നതുകൂടി കണക്കിലെടുത്താണ് യോഗത്തിന്റെ തീയതി നിശ്‌ചയിച്ചത്. ഡി.എം.കെ നേതാവും തമിഴ്നാട് മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിൻ, ആർ.ജെ.ഡി നേതാവ് തേജസ്വി യാദവ്, സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് എന്നിവരെയും ക്ഷണിച്ചിട്ടുണ്ട്. തൃണമൂൽ നേതാവ് മമതാ ബാനർജി യോഗത്തിൽ പങ്കെടുക്കില്ലെന്നാണ് വിവരം.